കൊച്ചി: ഇതര സംസ്ഥാന തൊഴിലാളികൾ പായിപ്പാട്ട് പ്രതിഷേധത്തെത്തുടർന്ന് തൊഴിലാളികൾ ഏറെയുള്ള ആലുവ, പെരുമ്പാവൂർ മേഖലകളിൽ നിരീക്ഷണം ശക്തമാക്കി. കേരളത്തിൽ തന്നെ ഏറെ ഇതര സംസ്ഥാനക്കാരുള്ളത് പെരുമ്പാവൂരാണ്.
ലോക്ഡൗൺ നിർദേശങ്ങൾ ലംഘിച്ച് തൊഴിലാളികൾ പുറത്തിറങ്ങിയാൽ കോൺട്രാക്ടർമാർക്കെതിരെയും തൊഴിൽ ദാതാക്കൾക്കെതിരെയുമാകും ആദ്യം നടപടിയെടുക്കുകയെന്ന് മന്ത്രി വി എസ് സുനിൽകുമാർ മുന്നറിയിപ്പ് നൽകി.
ചങ്ങനാശേരിയിലെ പ്രതിഷേധത്തിന്റെ സാഹചര്യത്തിൽ കൊച്ചിയിൽ മന്ത്രി വി.എസ്.സുനിൽകുമാറിന്റെ നേതൃത്വത്തിൽ ഉന്നത ഉദ്യോഗസ്ഥരുടെ യോഗം ചേർന്ന് ജില്ലയിലെ സ്ഥിതിഗതികൾ വിലയിരുത്തി. ജില്ലയിലെ ഇതര സംസ്ഥാന തൊഴിലാളികളുടെ പട്ടിക അടിയന്തരമായി തയാറാക്കുന്നതിന് നിർദ്ദേശം നൽകിയതായി മന്ത്രി പറഞ്ഞു.
കൊറോണ പ്രതിസന്ധി തീർന്നാൽ തൊഴിലാളികൾക്ക് അവരുടെ നാടുകളിലേക്ക് മടങ്ങാൻ സൗകര്യം ഒരുക്കുമെന്നും മന്ത്രി അറിയിച്ചു.
എല്ലാ അതിഥി തൊഴിലാളികൾക്കും ഭക്ഷണം എത്തിക്കുന്നുണ്ടെന്നും സുനിൽ കുമാർ വ്യക്തമാക്കി.