കൊച്ചി: കൊറോണ ബാധയേത്തുടര്‍ന്ന് മരിച്ച സേട്ട് യാക്കൂബ് ഹുസൈന്റെ സംസ്കാര ചടങ്ങുകള്‍ പൂര്‍ത്തിയായി. ഏറ്റവുമടുത്ത ബന്ധുക്കളും തഹസില്‍ദാറും പ്രധാനപ്പെട്ട ആരോഗ്യ വകുപ്പ് ജീവനക്കാരും മാത്രമാണ് ചടങ്ങില്‍ പങ്കെടുത്തത്. ലോകാരോഗ്യ സംഘടന നിര്‍ദേശിച്ചിട്ടുള്ള പ്രോട്ടോക്കോള്‍ അനുസരിച്ചായിരുന്നു സംസ്കാര ചടങ്ങുകള്‍. യാക്കൂബ് ഹുസൈന്റെ ഭാര്യയും, എയര്‍പോര്‍ട്ടില്‍ നിന്ന് വീട്ടിലേക്ക് കൊണ്ടുവന്ന ടാക്സി ഡ്രൈവറും കോവിഡ് രോഗബാധിതരാണ്. ഇദ്ദേഹം ദുബായില്‍നിന്ന് എത്തിയ വിമാനത്തിലെ 40 പേരും നിരീക്ഷണത്തിലാണ്.
മട്ടാഞ്ചേരി ചുള്ളിക്കല്‍ കച്ചി ഹനഫി മസ്ജിദ് ഖബര്‍സ്ഥാനിലായിരുന്നു സംസ്കാര ചടങ്ങുകള്‍ . 10 അടി താഴ്ചയുള്ള കുഴിയിലാണ് മൃതദേഹം സംസ്കരിച്ചത്. രാവിലെ എട്ടോടെയായിരുന്നു ഇദ്ദേഹത്തിന്റെ മരണം സ്ഥിരീകരിച്ചത്. മൃതദേഹം നേരിട്ട് കാണാന്‍ ബന്ധുക്കളെ അനുവദിച്ചിരുന്നില്ല. വീഡിയോകോള്‍ വഴിയാണ് ഭാര്യയേയും മകളെയും മൃതദേഹം കാണിച്ചത്.