വാഷിംഗ്ടൺ: അമേരിക്കയെ പിടിച്ചുകുലുക്കി കൊറോണ വൈറസ് വ്യാപനം.ലോകത്താകെയുള്ള കൊറോണ രോഗബാധിതരിൽ അഞ്ചിലൊന്ന് അമേരിക്കയിലാണ്. മരണ നിരക്കും വർധിക്കുന്നത് സർക്കാരിന് ഭീഷണിയായി. രോഗബാധിതരുടെ എണ്ണം ഇന്നലെ ഒരു ലക്ഷം കവിഞ്ഞു. ആകെ 103,798 പേർക്കാണ് കൊറോണ സ്ഥിരീകരിച്ചത്.
ഇന്നലെ മാത്രം മരിച്ചവർ 398.ഇന്നലെ മരിച്ചവരിൽ 138 പേർ ന്യൂയോർക്കിലാണ്.ലൂസിയാന (36), ഫ്ളോറിഡ (17), മിഷഗൺ (32), വാഷിംഗ്ടൺ (28), കാലിഫോർണിയ (12), ന്യൂജേഴ്സി (27) എന്നിങ്ങനെയാണ് മറ്റ് സ്റ്റേറ്റു കളിലെ മരണം. അമേരിക്കയിൽ 1,693 പേരാണ് ഇതുവരെ മരിച്ചത്. ഇന്നലെ മാത്രം പുതുതായി 18,363 പേർക്ക് രോഗം ബാധിച്ചു.
ന്യൂയോർക്കിലെ ആശുപത്രികൾ കൊറോണ രോഗികളെക്കൊണ്ട് നിറഞ്ഞിരിക്കയാണ്. ചികിൽസയ്ക്ക് 140,000 ആശുപത്രി കിടക്കകൾ ആവശ്യമാണ്. എന്നാൽ ഇപ്പോൾ 53,000 കിടക്കകളേ ഉള്ളെന്നത് അധിക്യതരെ വലയ്ക്കുന്നു.എല്ലാ ആശുപത്രികളുടേയും ശേഷി 50 മുതൽ 100 ശതമാനം വരെ വർധിപ്പിക്കണമെന്നാണ് അധികൃതരുടെ വിലയിരുത്തൽ.40,000 ഐസിയു കിടക്കകളും ആവശ്യമാണ്.
സാധ്യമായ എല്ലാ സ്ഥലങ്ങളെല്ലാം ആവശ്യമെങ്കിൽ ആശുപത്രികളാക്കി മാറ്റാൻ ആലോചനയുണ്ട്.
കോളേജ് ഡോർമിറ്ററികൾ, ഹോട്ടലുകൾ, നഴ്സിംഗ് ഹോമുകൾ തുടങ്ങിയവ ആശുപത്രികളാക്കാനാണ് നീക്കം.