ക്വാറന്റൈൻ ലംഘിച്ച് കൊല്ലത്ത് സബ് കളക്ടർ നാട്ടിലേക്ക് മുങ്ങി

കൊല്ലം: ക്വാറന്റൈൻ ലംഘിച്ച് കൊല്ലത്ത് സബ് കളക്ടർ അനുപം മിശ്ര മുങ്ങി. ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ വസതിയിലെത്തിയപ്പോള്‍ അനുപം മിശ്ര അവിടെയുണ്ടായിരുന്നില്ല. ഓഗസ്റ്റലാണ് സബ് കലക്ടറായി കൊല്ലത്ത് എത്തിയത്. സമീപകാലത്തായിരുന്നു ഇദ്ദേഹത്തിന്റെ വിവാഹം. വിദേശത്തെ മധുവിധു കഴിഞ്ഞ് അടുത്തിടെയാണ് ഇയാള്‍ ജോലിയില്‍ പ്രവേശിക്കാനായി തിരിച്ചെത്തിയത്. വിദേശത്തുനിന്നെത്തിയതിനാല്‍ ക്വാറന്റൈനില്‍ പോകാന്‍ കൊല്ലം കലക്ടര്‍ തന്നെയാണ് ഇദ്ദേഹത്തോട് പറഞ്ഞത്. വിദേശത്തുനിന്നെത്തിയ മിശ്ര മാർച്ച് 19 മുതല്‍ നിരീക്ഷണത്തിലായിരുന്നു.
ഔദ്യോഗിക വീട്ടില്‍ ക്വാറൈന്റിനിലായിരുന്നു സബ് കലക്ടര്‍. കുറച്ചുദിവസങ്ങളായി ആളനക്കം ഇല്ലാത്തതിനെ തുടര്‍ന്ന് അയല്‍വാസികള്‍ കൊല്ലം കലക്ടറെ വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്ന് കലക്ടര്‍ ഫോണില്‍ ബന്ധപ്പെട്ടപ്പോള്‍ ബംഗളൂരുവില്‍ ആണെന്നായിരുന്നു മറുപടി. എന്നാല്‍ പൊലീസ് അന്വേഷിച്ചപ്പോൾ കാന്‍പൂരിലാണെന്നാണ് മനസിലാക്കാന്‍ കഴിഞ്ഞതെന്ന് കലക്ടര്‍ പറഞ്ഞു. ഇക്കാര്യം സര്‍ക്കാരില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെന്നും കലക്ടര്‍ പറഞ്ഞു. യുവ ഐഎഎസ് ഉദ്യോഗസ്ഥന്റെ നടപടി ദൂഷ്യവും ഗുരുതരമായ ചട്ടലംഘനവുമാണെന്ന് ആരോപണമുയർന്നു കഴിഞ്ഞു. 2016 ബാച്ച് ഉദ്യോഗസ്ഥനായ അനുപം മിശ്ര ഉത്തർപ്രദേശുകാരനാണ്.