ആലപ്പുഴ: വിളവെടുപ്പ് സമയത്ത് കുട്ടനാട്ടിലെ കാർഷിക രംഗത്തുണ്ടായ ഗുരുതരമായ പ്രതിസന്ധിക്ക് പരിഹാരമായത് ചങ്ങനാശേരി ആർച്ച് ബിഷപ് ജോസഫ് പെരുന്തോട്ടത്തിന്റെ അവസരോചിതമായ ഇടപെടൽ.

കുട്ടനാടൻ പാടശേഖരങ്ങളിൽ കൊയ്ത്തിന് സമയമായപ്പോൾ ലോകമെങ്ങും കൊറോണ ഭീതി നിറഞ്ഞതാണ് കാർഷിക രംഗത്തെ പ്രതിസന്ധിക്ക് കാരണമായത്.കൊയ്ത്ത് നടത്താനാകാതെ ചില പാടശേഖരങ്ങളിൽ നെല്ലടിഞ്ഞു. അവിചാരിതമായി വന്ന ചെറിയ മഴയും മൂപ്പെത്തിയ നെല്ലിടയാൻ കാരണമായി.കൊയ്ത്ത് കഴിഞ്ഞ സ്ഥലങ്ങളിൽ വയലിൽ തന്നെ നെല്ല് കൂട്ടയിട്ടു. എപ്പോൾ സംഭരിക്കുമെന്ന് ആർക്കും പറയാൻ കഴിയാത്ത സ്ഥിതിയായി. തുടർന്നു വന്ന ജനതാ കർഫ്യൂവും രാജ വ്യാപക അടച്ചിടലും കൊയത്തിന് തടസമായി. കൊയത്ത് യന്ത്രമിറങ്ങാത്തതും തൊഴിലാളി ക്ഷാമവും സ്ഥിതി വഷളാക്കി. എന്തു ചെയ്യണമെന്നറിയാതെ കർഷകർ നെട്ടോട്ടമായി.

സർക്കാർ സംവിധാനങ്ങൾ കൊറോണ പ്രതിരോധത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ചതോടെ കർഷകരുടെ അങ്കലാപ്പ് വർധിച്ചു. കുട്ടനാട്ടിലെ ഇടവക വൈദികരിൽ നിന്ന് പ്രതിസന്ധിയുടെ രൂക്ഷത മനസിലാക്കിയ മാർ ജോസഫ് പെരുന്തോട്ടം ഇക്കാര്യത്തിൽ ശക്തമായി ഇടപെടുകയായിരുന്നു. ക്യഷി മന്ത്രി വി എസ് സുനിൽകുമാറിനെ ഫോണിൽ വിളിച്ച് സ്ഥിതി ബോധ്യപ്പെടുത്തുകയും ഇക്കാര്യത്തിൽ അടിയന്തിര പരിഹാരം കാണണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. പിന്നെ എല്ലാം വേഗത്തിലായിരുന്നു. വിഷയത്തിന്റെ പ്രധാന്യം മനസിലാക്കിയ മന്ത്രി സുനിൽ കുമാർ ഉടൻ പ്രശ്ന പരിഹാരമുണ്ടാക്കുമെന്ന് ആർച്ച് ബിഷപ്പിന് ഉറപ്പു നൽകി. മുഖ്യമന്ത്രിയെയും മന്ത്രിസഭയെയും ക്യഷിമന്ത്രി വിവരങ്ങൾ ധരിപ്പിച്ചു. കൊയ്ത്തും നെല്ലുസംഭരണവും ചരക്കുനീക്കവും അവശ്യ സർവീസാക്കി മുഖ്യമന്ത്രി പ്രഖ്യാപിച്ചു. പ്രശ്ന പരിഹാരത്തിന് മന്ത്രിസഭാ ഉപസമിതി രൂപീകരിക്കുകയും ചെയ്തു. ക്യഷി മന്ത്രി സുനിൽ കുമാറിന്റെ അധ്യക്ഷതയിൽ ക ഇന്ന് കളക്‌ട്രേറ്റിൽ

കൂടിയ യോഗത്തിൽ മന്ത്രിമാരായ തോമസ് ഐസക്ക്, ജി.സുധാകരൻ, പി തിലോത്തമൻ എന്നിവർ പങ്കെടുക്കുകയും വിളവെടുപ്പുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾക്ക് അടിയന്തിര നടപടികളെടുക്കുകയുമായിരുന്നു.
മന്ത്രിസഭാ തീരുമാനങ്ങൾ മന്ത്രി സുനിൽകുമാർ മാർ പെരുന്തോട്ടത്തെ അറിയിക്കുകയും ചെയ്തു. വിഷയം പരിഹരിക്കാൻ സർക്കാരെടുത്ത നടപടികളെ ആർച്ച് ബിഷപ് അഭിനന്ദിച്ചു.
കുട്ടനാട്ടിൽ ഉപതെരഞ്ഞെടുപ്പ് നടക്കാനിരിക്കെ വിളവെടുപ്പ് കാര്യത്തിൽ അലംഭാവം കാണിച്ചാൽ തിരിച്ചടിയാകുമെന്നതും വേഗത്തിൽ തീരുമാനമെടുക്കാൻ സർക്കാരിനെ പ്രേരിപ്പിച്ചു.
കുട്ടനാടൻ കാർഷിക രംഗത്തെ പ്രതിസന്ധി പരിഹരിക്കാൻ ചങ്ങനാശേരി അതിരൂപത എക്കാലവും ശക്തമായി ഇടപെട്ടിട്ടുണ്ട്. കഴിഞ്ഞ വെള്ളപൊക്കത്തിൽ
ഒറ്റപ്പെട്ടവരെ രക്ഷിക്കാനും ഭക്ഷണമെത്തിക്കാനും ദുരിതാശ്വാസ ക്യാമ്പുകൾ തുറക്കാനും അതിരൂപത നടത്തിയ പ്രവർത്തനങ്ങൾ ഏറെ ശ്രദ്ധേയമായിരുന്നു.
വെള്ളപൊക്കത്തിൽ തകർന്ന വീടുകളുടെ നിർമാണത്തിനും പുനരുദ്ധാരണത്തിനും 100 കോടിയുടെ പാക്കേജാണ് ചങ്ങനാശേരി അതിരൂപത നടപ്പാക്കുന്നത്.