ദില്ലി: കൊറോണ സൃഷ്ടിച്ച പ്രതിസന്ധി മറികടക്കാൻ അഞ്ച് ലക്ഷം കോടി രൂപ വിപണിയിലേക്കിറക്കി സമ്പദ് വ്യവസ്ഥ പിടിച്ചു നിർത്താൻ ജി20 ഉച്ചകോടിയിൽ തീരുമാനം. മനുഷ്യജീവൻ രക്ഷിക്കാൻ ഒറ്റക്കെട്ടായി പോരാടും. ഭാവിയിലെ ഏതു വെല്ലുവിളിയെയും നേരിടാൻ തയ്യാറായി നിൽക്കും. ഈ പ്രതിസന്ധിയെ അതിജീവിക്കുമെന്നും ജി20 രാജ്യങ്ങളുടെ ഉച്ചകോടിയിൽ തീരുമാനമായി. വീഡിയോ കോൺഫറൻസിംഗിലൂടെയാണ് ജി 20 രാജ്യങ്ങൾ ഇത്തവണ യോഗം ചേരുന്നത്.
ഇത്തരത്തിൽ യോഗം ചേരാനുള്ള അസാധാരണ തീരുമാനം അധ്യക്ഷ സ്ഥാനത്തുള്ള സൗദി അറേബ്യ നേരത്തെ തന്നെ എല്ലാ അംഗരാജ്യങ്ങളെയും അറിയിച്ചിരുന്നു.
കൊറോണ പ്രതിസന്ധിയിൽ ആയിരക്കണക്കിന് വിലയേറിയ ജീവിതങ്ങൾ നഷ്ടപ്പെട്ടതായി പ്രധാനമന്ത്രി നരേന്ദ്ര മോദി കൂടിക്കാഴ്ചയെ അഭിസംബോധന ചെയ്ത് പറഞ്ഞു.
എല്ലാവരുടെയും കൂട്ടായ താൽപര്യങ്ങൾ മുന്നോട്ടു കൊണ്ടു പോകുന്നതിനു പകരം വ്യക്തിഗത താൽപ്പര്യങ്ങൾ സന്തുലിതമാക്കുന്നതിന് നമ്മൾ കൂടുതൽ സഹകരിച്ചെന്നും പ്രധാനമന്ത്രി പറഞ്ഞു.ഭീകരതയാകട്ടെ കാലാവസ്ഥ വ്യതിയാനമാകട്ടെ മനുഷ്യത്വത്തിന്റെ താൽപര്യങ്ങൾ പ്രോത്സാഹിപ്പിക്കാൻ ബഹുരാഷ്ട്ര വേദികൾ അത്ര ഫലപ്രദമല്ല. ഇപ്പോൾ നമുക്ക് മറ്റൊരു കാര്യം വന്നിരിക്കുകയാണ്. ഈ പ്രതിസന്ധി നമ്മുടെ ഏറ്റവും വലിയ വിഭവമായ നമ്മുടെ ജീവനും നമ്മുടെ ആരോഗ്യവും തന്നെ കവർന്നെടുക്കുകയാണ്. ലോകത്തിലെ ജി ഡി പിയുടെ 80 ശതമാനവും ലോകജനസംഖ്യയുടെ 60 ശതമാനവും ജി 20 ആണ്.അതേസമയം തന്നെ, ആഗോളതലത്തിലുള്ള കോവിഡ് 19 കേസുകളിൽ 90 ശതമാനവും കോവിഡ് 19 മരണത്തിൽ 88 ശതമാനവും ജി20 രാജ്യങ്ങളിലാണ്. നമ്മുടെ സമ്പദ് വ്യവസ്ഥ ചിലപ്പോൾ ശക്തമായിരിക്കാം, പക്ഷേ, വ്യക്തമായി പറഞ്ഞാൽ നമ്മുടെ സംവിധാനങ്ങൾ ദുർബലമാണെന്നും പ്രധാനമന്ത്രി പറഞ്ഞു.