ന്യൂഡെല്‍ഹി: കൊറോണ വൈറസിനെതിരെ നേരിടാന്‍ പ്രതിരോധപ്രവര്‍ത്തനങ്ങളിൽ ഏർപ്പെടുന്ന ആരോഗ്യപ്രവര്‍ത്തകര്‍ക്ക് ആദരസൂചകമായി കൈകള്‍ കൊട്ടിയും പാത്രങ്ങള്‍ കൂട്ടിമുട്ടിയും മണികള്‍ കിലുക്കിയും രാജ്യം. കൊറോണ ഭീതിയുടെ പ്രതിസന്ധിയിലൂടെ കടന്നുപോകുമ്പോഴും വീടുകളുടെ മുന്നിലും ഫ്‌ളാറ്റുകളുടെ ബാല്‍ക്കണികളിലും നിന്ന് ജനങ്ങള്‍ കൈയ്യടിക്കുകയും മണിമുഴക്കുകയും പാത്രങ്ങള്‍ തമ്മില്‍ മുട്ടി ശബ്ദമുണ്ടാക്കുകയും ചെയ്തു. കുട്ടികളും മുതിര്‍ന്നവരും വൃദ്ധന്‍മാരും അടക്കമുള്ളവര്‍ പങ്കെടുത്തു. ജനത കര്‍ഫ്യൂനടക്കുന്ന ഇന്ന് വൈകുന്നേരം അഞ്ചിന് പുറത്തിറങ്ങി കയ്യടിക്കുകയോ പാത്രങ്ങള്‍ തമ്മില്‍ കൊട്ടുകയോ ചെയ്യാന്‍ പ്രധാനമന്ത്രി അഭ്യര്‍ത്ഥിച്ചിരുന്നു. മോദിയുടെ ആഹ്വാനമനുസരിച്ചായിരുന്നു ഇന്ത്യ മുഴുവനും അഭിനന്ദനത്തിൽ പങ്കാളികളായത്.