ന്യൂഡൽഹി: വിദേശത്തുനിന്നു നാട്ടിൽ തിരിച്ചെത്തിയ ഇന്ത്യൻ ബോക്സിംഗ് താരം മേരി കോം ക്വാറന്‍റൈനിലിരിക്കെ രാഷ്ട്രപതി ഭവനിൽ ചട്ടം ലംഘിച്ച് വിരുന്നിൽ പങ്കെടുത്തു. നേരത്തേ കൊറോണ ബാധിതയായ ഗായിക കനികാ കപൂറിന്റെ പരിപാടിയിൽ പങ്കെടുത്ത ദുഷ്യന്ത് സിംഗ് എംപി രാഷ്ട്രപതിയുടെ അത്താഴ വിരുന്നിൽ സംബന്ധിച്ചത് വിവാദമായിരുന്നു. തുടർന്ന് രാഷ്ട്രപതിയടക്കം പരിപാടികൾ റദ്ദാക്കിയിരുന്നു. ഇതിനു പിന്നാലെയാണ് മേരി കോം ക്വാറന്റയിൻ ചട്ടം പാലിച്ചില്ലെന്നത് പുറത്തുവന്നത്.
ജോർദാനിലെ അമാനിൽ നടന്ന ഏഷ്യ-ഒഷ്യാനിയ ഒളിംപിക്സ് യോഗ്യതാ മത്സരങ്ങളിൽ പങ്കെടുത്ത ശേഷം ഈ മാസം 13-നാണു മേരി കോം നാട്ടിൽ തിരിച്ചെത്തിയത്. വിദേശയാത്ര കഴിഞ്ഞ് തിരിച്ചെത്തിയവർ നിർബന്ധമായും 14 ദിവസത്തേക്ക് ക്വാറന്‍റൈനിൽ പ്രവേശിക്കണമെന്ന ചട്ടം നിലനിൽക്കെയാണ് രാജ്യസഭാഗംമായ മേരി കോം രാഷ്ട്രപതി ഭവനിൽ നടന്ന വിരുന്നിനെത്തിയത്.
ഈ മാസം 16-നാണ് എംപിമാർക്കായി രാഷ്ട്രപതി ഭവനിൽ പ്രത്യേക പരിപാടി സംഘടിപ്പിച്ചത്. രാഷ്ട്രപതി രാംനാഥ് കോവിന്ദിന്‍റെ ഔദ്യോഗിക ട്വിറ്റർ പേജിൽ പങ്കുവച്ച ചിത്രത്തിൽ മറ്റു എംപിമാർക്കൊപ്പം മേരി കോമിനേയും കാണാം.
വിരുന്നിലെ ദുഷ്യന്ത് സിംഗിന്റെ സാന്നിധ്യം കാരണം നിരവധി എംപിമാർ സ്വയം സമ്പർക്ക വിലക്കിൽ കഴിയുകയാണെന്നാണ് സൂചന.