കൊറോണ നേരിടാൻ അടിയന്തര സാമ്പത്തിക പാക്കേജ് വേണം:രാഹുല്‍

ന്യൂഡെൽഹി : കൊറോണ ഭീഷണിയിൽ തകർച്ചയിലേക്ക് നീങ്ങിക്കൊണ്ടിരിക്കുന്ന സമ്പദ് വ്യവസ്ഥ പുനരുജ്ജീവിപ്പിക്കാൻ അടിയന്തര സാമ്പത്തിക പാക്കേജ് പ്രഖ്യാപിക്കണമെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി.

ദുർബലമായ സമ്പദ് വ്യവസ്ഥയെ കൊറോണ വൈറസ് ബാധ പ്രതികൂലമായി ബാധിക്കുമെന്ന് രാഹുൽ ഗാന്ധി അഭിപ്രായപ്പെട്ടു. ജനതാ കർഫ്യൂ ദിനത്തിൽ തളികയിൽ അടിച്ച് ശബ്ദമുണ്ടാക്കണമെന്ന പ്രധാനമന്ത്രിയുടെ നിർദേശത്തെയും അദ്ദേഹം വിമർശിച്ചു. കൈയടിക്കുന്നതും മണിയടിക്കുന്നതും ദിവസ വേതനക്കാരായ തൊഴിലാളികളെയും ചെറുകിട, ഇടത്തരം സംരംഭകരെയും സഹായിക്കില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

ചെറുകിട, ഇടത്തരം സംരംഭകരെയും ദിവസവേതനക്കാരായ കൂലിത്തൊഴിലാളികളെയുമാണ് വൈറസ് ബാധ ഏറ്റവും കൂടുതൽ ബാധിക്കുക. കൈയടിക്കുന്നത് അവരെ സഹായിക്കില്ല. വലിയ സാമ്പത്തിക പാക്കേജിന്റെ ഭാഗമായി വായ്പകൾ തിരിച്ചടയ്ക്കുന്നതിനു സാവകാശവും ധനസഹായവും നികുതിയിളവും വേണമെന്ന് രാഹുൽ ഗാന്ധി അഭിപ്രായപ്പെട്ടു.