എസ്എസ്എല്‍സി, പ്ലസ്ടു, സര്‍വകലാശാല പരീക്ഷകള്‍ എല്ലാം മാറ്റി

തിരുവനന്തപുരം: കൊറോണ വൈറസ് ഭീതിയുടെ പശ്ചാത്തലത്തിൽ എസ്എസ്എൽസി, പ്ലസ്ടു, സർവകലാശാല പരീക്ഷകൾ ഉൾപ്പെടെ സംസ്ഥാനത്തെ എല്ലാ പരീക്ഷകളും മാറ്റിവെച്ചു. മുഖ്യമന്ത്രി വിളിച്ച് ചേർത്ത ഉന്നതതലയോഗത്തിലാണ് തീരുമാനം. ഇനി നടക്കാനിരിക്കുന്ന പരീക്ഷകളാണ് മാറ്റിയത്.പുതുക്കിയ പരീക്ഷ തിയതി പിന്നീട് അറിയിക്കും. കേന്ദ്ര സർക്കാരും യുജിസിയും പരീക്ഷകൾ മാറ്റിവയ്ക്കാൻ നിർദ്ദേശിച്ചിട്ടും സംസ്ഥാന സർക്കാർ ഇക്കാര്യത്തിൽ അനുവർത്തിച്ച ഉദാസീന നിലപാടിനെതിരേ വിമർശനമുയർന്ന പശ്ചാതലത്തിലാണ് പരീക്ഷകൾ മാറ്റിയത്. രാജ്യത്തെ എല്ലാ പരീക്ഷകളും മാറ്റിവെയ്ക്കാനുള്ള കേന്ദ്ര നിർദേശം വന്നിട്ടും മുൻനിശ്ചയിച്ച പ്രകാരം പരീക്ഷകൾ നടത്താനായിരുന്നു ഇന്നലെ വൈകുന്നേരം വരെ സംസ്ഥാന സർക്കാർ തീരുമാനം.

കൊറോണ വൈറസിന്റെ സാമൂഹിക വ്യാപനത്തിന്റെ സാധ്യത നിലനിൽക്കുന്നതിനാൽ മുൻകരുതലിന്റെ ഭാഗമായാണ് സംസ്ഥാനത്തെ എല്ലാ പരീക്ഷകളുടെ മാറ്റിവെയ്ക്കാൻ ഇന്ന് ചേർന്ന ഉന്നതതലയോഗത്തിലാണ് തീരുമാനമായത്.

സിബിഎസ്ഇ, ഐസിഎസ്ഇ അടക്കമുള്ള പരീക്ഷകൾ മാറ്റിയിട്ടും സംസ്ഥാന സർക്കാർ പരീക്ഷകൾ മാറ്റിവയ്ക്കാത്തതിനെതിരേ ശക്തമായ പ്രതിഷേധമാണ് സംസ്ഥാനമെങ്ങും ഉയർന്നത്.