തിരുവനന്തപുരം: കൊറോണ തടയാൻ ആൾക്കൂട്ടങ്ങൾ നിയന്ത്രിക്കാൻ നിർദേശിച്ചവരുടെ മൂക്കിനു കീഴെ അഞ്ച് ജില്ലകളിൽ കള്ളുഷാപ്പ് ലേലം.മാർഗ നിർദേശങ്ങൾ കർശനമായി നടപ്പാക്കാൻ ബാധ്യസ്ഥരായ ജില്ലാ കളക്ട്രേറ്റുകളാണ് ലേല കേന്ദ്രമായതെന്ന വിരോധാഭാസം ബാക്കി.
കണ്ണൂർ, മലപ്പുറം, എറണാകുളം, ആലപ്പുഴ, തിരുവനന്തപുരം കളക്ട്രേറ്റുകളിൽ ഉദ്യോഗസ്ഥർ ഉൾപ്പെടെ നൂറിലേറെ പേരാണ് ലേലത്തിൽ പങ്കെടുക്കാനെത്തിയത്. പ്രതിഷേധം ശക്തമായതോടെ എറണാകുളത്തും കണ്ണൂരും ലേലം മാറ്റി.
കൊറോണയെ പ്രതിരോധിക്കാനും ചങ്ങല പൊട്ടിക്കാനും പൊതുപരിപാടികളും ആള്‍ക്കൂട്ടങ്ങളും പാടില്ലെന്ന നിർദേശം ലംഘിച്ചായിരുന്നു ലേലം. സംഭവമറിഞ്ഞ് സ്ഥലത്തേക്ക് മാധ്യമങ്ങള്‍ എത്തിയതോടെ എറണാകുളത്തെ ലേലം മാറ്റി അധികൃതർ തലയൂരി.
കണ്ണൂരിലെ ലേലഹാളിലേക്ക് യൂത്ത് കോൺഗ്രസ് പ്രതിഷേധവുമായി എത്തിയതോടെ കണ്ണൂരിലും അധികൃതർ ലേലം നിർത്തിവച്ചു.
മലപ്പുറത്തും ലേലം നടക്കുന്ന കളക്ട്രേറ്റിനു മുന്നിൽ ശക്തമായ പ്രതിഷേധം ഉണ്ടായി.
ബിവറേജ് മദ്യശാലകള്‍ തുറന്നു പ്രവര്‍ത്തിക്കുന്ന സാഹചര്യത്തിലാണ് കളക്ടറേറ്റില്‍ തന്നെ കള്ളുഷാപ്പ് ലേലവും നടക്കുന്നത്. വേണ്ടത്ര ജാഗ്രതാ മുന്‍കരുതലോടെയാണ് ലേലം എന്നാണ് എക്സൈസ് അധികൃതരുടെ വാദം.