യുഎസിൽ ജോ ​ബൈ​ഡ​ന്റെ മുന്നേറ്റം; ചുവട് പിഴച്ച് സാ​ൻ​ഡേ​ഴ്സ്

വാ​ഷിം​ഗ്ട​ൺ: യു​എ​സ് പ്ര​സി​ഡ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഡെ​മോ​ക്രാ​റ്റി​ക് പാ​ർ​ട്ടി സ്ഥാ​നാ​ർ​ഥി​ത്വ​ത്തി​നു​ള്ള മ​ത്സ​ര​ത്തി​ൽ എതിരാളിയെ പിന്നിലാക്കി മു​ൻ വൈ​സ് പ്ര​സി​ഡ​ന്‍റ് ജോ ​ബൈ​ഡ​ന്റെ മു​ന്നേറ്റം. മൂ​ന്നു സം​സ്ഥാ​ന​ങ്ങ​ളി​ൽ ന​ട​ന്ന പ്രൈ​മ​റി തെ​ര​ഞ്ഞെ​ടു​പ്പി​ൽ ജോ ​ബൈ​ഡ​ൻ ജ​യ​മു​റ​പ്പി​ച്ചു. ഇതോടെ പ്രധാന എ​തി​രാ​ളി വെ​ർ​മോ​ണ്ട് സെ​ന​റ്റ​ർ ബേ​ണി സാ​ൻ​ഡേ​ഴ്സി​ന്‍റെ പ്ര​സി​ഡ​ന്‍റ് സ്ഥാ​നാ​ർഥിത്വ​ത്തി​നു സാധ്യത മങ്ങി.

ഇ​ല്ലി​നോ​യി​സ്, ഫ്ലോ​റി​ഡ, അ​രി​സോ​ണ സം​സ്ഥാ​ന​ങ്ങ​ളി​ലാ​ണ് ചൊ​വ്വാ​ഴ്ച പ്രൈ​മ​റി ന​ട​ന്ന​ത്. മൊ​ത്തം 441 പ്ര​തി​നി​ധി​ക​ളു​ള്ള ഈ ​മൂ​ന്നു സം​സ്ഥാ​ന​ങ്ങ​ളി​ലും സാ​ൻ​ഡേ​ഴ്സി​നെ​ക്കാ​ൾ മു​ന്നി​ലെ​ത്തി​യ​തോ​ടെ ബൈ​ഡ​നു പ്ര​സി​ഡ​ന്‍റ് സ്ഥാ​നാ​ർ​ഥി​ത്വം ഉ​റ​പ്പാ​യി. മൂ​ന്നി​ട​ങ്ങ​ളി​ലേ​യും അ​ന്തി​മ​ഫ​ലം ഇ​തു​വ​രെ പു​റ​ത്തു​വ​ന്നി​ട്ടി​ല്ല.

ആകെയുള്ള 3,979 പ്ര​തി​നി​ധി​ക​ളി​ൽ കു​റ​ഞ്ഞ​ത് 1,991 പേ​രു​ടെ പി​ന്തു​ണ ല​ഭി​ച്ചാ​ലേ ഡെ​മോ​ക്രാ​റ്റി​ക് പാ​ർ​ട്ടി ടി​ക്ക​റ്റ് കി​ട്ടൂ. ജൂ​ലൈ​യി​ലാ​ണ് ഡെ​മോ​ക്രാ​റ്റി​ക് ക​ൺ​വ​ൻ​ഷ​ൻ.