വിമതരെ കാണാന്‍ ബംഗളൂരുവിലെത്തിയ ദിഗ് വിജയ് സിംഗ് അറസ്റ്റിൽ

ബംഗളൂരു: മധ്യപ്രദേശിലെ വിമത കോൺഗ്രസ് എംഎൽഎമാരെ കാണാൻ ബംഗളൂരുവിലെത്തിയ ദിഗ് വിജയ് സിംഗിനെ ഇന്ന് രാവിലെ കർണാടക പോലീസ് കസ്റ്റഡിയിലെടുത്തു. വിമതർ താമസിക്കുന്ന റമദ ഹോട്ടലിലേക്ക് പ്രവേശിക്കാൻ ശ്രമിച്ച ദിഗ് വിജയ് സിംഗിനെ പോലീസ് തടഞ്ഞു. തുടർന്ന് ഹോട്ടലിന് മുന്നിൽ കുത്തിയിരുന്ന അദ്ദേഹത്തെ അറസ്റ്റ് ചെയ്യുകയായിരുന്നു.

പുലർച്ചെ ബംഗളൂരുവിലെത്തിയ ദിഗ് വിജയ് സിംഗിനെ കർണാടക കോൺഗ്രസ് അധ്യക്ഷൻ ഡി.കെ.ശിവകുമാർ സ്വീകരിച്ചു.തുടർന്ന് ഇവർ ഹോട്ടലിലേക്ക് പോകുകയായിരുന്നു. ഇവിടെയാണ് പിന്നീട് നാടകീയ സംഭവങ്ങൾ അരങ്ങേറിയത്.
പോലീസ് കസ്റ്റഡിയിലെടുത്ത ദിഗ് വിജയ് സിംഗിനെ അമൃതഹള്ളി പോലീസ് സ്റ്റേഷനിലെത്തിച്ചു. പോലീസ് നടപടിയിൽ പ്രതിഷേധിച്ച് അദ്ദേഹം സ്റ്റേഷനിൽ നിരഹാരം അനുഷ്ഠിക്കുകയാണ്.
ഞാൻ മധ്യപ്രദേശിൽ നിന്നുള്ള രാജ്യസഭാ സ്ഥാനാർഥിയാണ്. 26-ന് വോട്ടെടുപ്പ് നടക്കാനിരിക്കെ എംഎൽഎമാരെ ഇവിടെ തടഞ്ഞുവെച്ചിരിക്കുകയാണ്. അവർക്ക് എന്നോട് സംസാരിക്കണമെന്നുണ്ട്. അവരുടെ ഫോണുകൾ പിടിച്ചെടുത്തിട്ടുണ്ട്. സുരക്ഷാ ഭീഷണിയുണ്ടെന്ന് കാണിച്ച് പോലീസ് എന്നെ അവരുമായി സംസാരിക്കാൻ അനുവദിക്കുന്നില്ലെന്ന് നേരത്തേ കുത്തിയിരിപ്പ് സമരത്തിനിടെ ദിഗ് വിജയ് സിംഗ് പറഞ്ഞു.
അവർ തിരിച്ചുവരുമെന്ന് പ്രതീക്ഷിച്ചിരുന്നു, എന്നാൽ എംഎൽഎമാരെ തടഞ്ഞുവെച്ചിരിക്കുകയാണെന്ന് അവരുടെ കുടുംബങ്ങളിൽ നിന്ന് സന്ദേശങ്ങൾ ലഭിച്ചു. അഞ്ച് എംഎൽഎമാരുമായി നേരിട്ട് സംസാരിച്ചു, അവർ ബന്ദികളാണെന്ന് പറഞ്ഞു. അവരുടെ ഫോണുകൾ തട്ടിയെടുത്തിട്ടുണ്ട്. എല്ലാ മുറികൾക്ക് മുന്നിലും പോലീസ് നിലയുറപ്പിച്ചിരിക്കുകയാണ്. 24 മണിക്കൂറും പോലീസ് അവരെ പിന്തുടരുകയാണെന്നും ദിഗ് വിജയ് സിംഗ് കൂട്ടിച്ചേർത്തു.
ബിജെപി സർക്കാർ അധികാര ദുർവിനിയോഗം നടത്തുകയാണെന്ന് ഡി.കെ. ശിവകുമാറും പ്രതികരിച്ചു. ‘ഞങ്ങൾക്ക് ഞങ്ങളുടേതായ രാഷ്ട്രീയ തന്ത്രങ്ങളുണ്ട്. സാഹചര്യങ്ങൾ എങ്ങനെ കൈകാര്യം ചെയ്യണമെന്ന് ഞങ്ങൾക്കറിയാം. ദിഗ് വിജയ് സിംഗ് ഒറ്റയ്ക്കല്ല ഇവിടെ. ഞാനും ഇവിടെയുണ്ട്. അദ്ദേഹത്തിന് എങ്ങനെ പിന്തുണ നൽകണമെന്ന് എനിക്കറിയാമെന്ന് ശിവകുമാർ പറഞ്ഞു.