ന്യൂഡെൽഹി: അക്രഡിറ്റേഷൻ ഉള്ള സ്വകാര്യ ലാബുകൾക്കും കൊറോണ വൈറസ് പരിശോധനകൾ നടത്താൻ അനുമതി. ഇന്ത്യൻ കൗൺസിൽ ഒഫ് മെഡിക്കൽ റിസർച്ചാണ് നിർദേശത്തിന് അംഗികാരം നൽകിയത്. ഇതു സംബന്ധിച്ച് കേന്ദ്രസർക്കാർ ഉത്തരവ് പുറത്തിറക്കി. രാജ്യത്ത് കൊറോണ വ്യാപകമാകുന്ന സാഹചര്യത്തിൽ പരിശോധനാ ഫലം വേഗത്തിലാക്കാനാണ് ഈ നടപടി.
നാഷണൽ അക്രഡിറ്റേഷൻ ബോർഡ് ഫോർ ലബോറട്ടറീസിൽ അക്രഡിറ്റ് ചെയ്തിട്ടുള്ള ലാബുകൾക്കാണ് അനുമതി.
52 സർക്കാർ ലാബുകളിലാണ് നിലവിൽ പരിശോധന. ഉയർന്ന നിലവാരവും കാര്യക്ഷമതയുമുള്ള സർക്കാർ ലാബുകൾ 5000 രൂപ ചെലവു വരുന്ന പരിശോധന സൗജന്യമായാണ് ചെയ്യുന്നത്.
എന്നാൽ സ്വകാര്യ ലാബുകൾ പരിശോധനയുടെ മറവിൽ അധിക തുക ഈടാക്കി കൊള്ളലാഭം നേടാൻ ഇടയുണ്ടെന്ന ആശങ്കയും ഉയർന്നിട്ടുണ്ട്. 2015 ൽ എച്ച്1എൻ1 പടർന്നു പിടിച്ചപ്പോൾ ഡൽഹിയിലെ സ്വകാര്യ ലാബുകൾ സാമ്പിൾ പരിശോധനയ്ക്കു അധികതുക ഈടാക്കിയിരുന്നു. ഡെൽഹി സർക്കാർ ഇടപെട്ടാണ് ഇതു നിയന്ത്രിച്ചതെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.