ബിജെപിയിൽ പൊട്ടിത്തെറി;എംടി രമേശ് സംസ്ഥാന ജനറൽ സെക്രട്ടറി

തിരുവനന്തപുരം: മുരളീധരപക്ഷത്തിന് മുൻതൂക്കമുള്ള ബിജെപി സംസ്ഥാന ഭാരവാഹി പട്ടികയായി. കൃഷ്ണദാസ് പക്ഷം അത്യപ്തരാണെന്ന് അറിയുന്നു.10 വൈസ് പ്രസിഡന്റുമാരും നാല് ജനറൽ സെക്രട്ടറിമാരുമാണ് പട്ടികയിലുള്ളത്. പ്രസിഡൻറ് സ്ഥാനത്തേക്ക് പരിഗണിച്ചിരുന്ന എം.ടി.രമേശ് ജനറൽ സെക്രട്ടറിയായി തുടരും.കെ.സുരേന്ദ്രന്റെ കീഴിൽ പ്രവർത്തിക്കില്ലെന്ന് വ്യക്തമാക്കിയിരുന്ന ജനറൽ സെക്രട്ടറിമാരായിരുന്ന എ.എൻ.രാധാകൃഷ്ണനും ശോഭാസുരേന്ദ്രനും വൈസ് പ്രസിഡന്റുമാരായി. പല പാർട്ടികൾ മാറി ബിജെപിയിലെത്തിയ എ.പി.അബ്ദുള്ളക്കുട്ടി വൈസ് പ്രസിഡന്റായി തുടരും.
പാർട്ടി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രനാണ് പട്ടിക പ്രഖ്യാപിച്ചത്. ഭാരവാഹി പട്ടികയിൽ മൂന്നിലൊരു ഭാഗവും സ്ത്രീകൾക്കായി മാറ്റിവെച്ചിട്ടുണ്ട്.വ്യക്തിപരമായ ഇഷ്ടാനിഷ്ടങ്ങൾക്ക് പ്രാധാന്യമില്ലാതെ മെറിറ്റിന്റെ അടിസ്ഥാനത്തിലാണ് പട്ടികയെന്ന് കെ.സുരേന്ദ്രൻ പറഞ്ഞു.
കെ.എസ്.രാധാകൃഷ്ണൻ, സദാനന്ദൻ മാസ്റ്റർ, ജെ.പ്രമീളാദേവി, ജി.രാമൻ നായർ, എം.എസ്.സമ്പൂർണ്ണ, വി.ടി.രമ, വി.വി.രാജൻ എന്നിവരാണ് മറ്റു വൈസ്.പ്രസിഡന്റുമാർ. ജോർജ് കുര്യൻ, സി.കൃഷ്ണകുമാർ, പി.സുധീർ എന്നിവരാണ് ജനറൽ സെക്രട്ടറിമാർ. ജനറൽ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടതോടെ ജോർജ് കുര്യൻ ദേശീയ ന്യൂനപക്ഷ കമ്മീഷൻ സ്ഥാനം ഒഴിയും.ജെ.ആർ.പദ്മകുമാറാണ് ട്രഷറർ. എം.എസ്.കുമാർ, ബി.ഗോപാലകൃഷ്ണൻ, സന്ദീപ് വാര്യർ എന്നിവരാണ് പാർട്ടി വക്താക്കൾ.
ദീർഘകാലമായി സംസ്ഥാന ഘടകത്തിൽ തുടരുന്ന വിഭാഗീയത കെ.സുരേന്ദ്രൻ സംസ്ഥാന അധ്യക്ഷ പദവി ഏറ്റെടുത്തതിന് പിന്നാലെ രൂക്ഷമാകുകയായിരുന്നു.
സുരേന്ദ്രന്റെ കീഴിൽ ഭാരവാഹി ആകാനില്ലെന്ന നിലപാടിലായിരുന്നവർ പട്ടികയിൽ ഇടം പിടിച്ചതോടെ തുറന്ന പോരിലേക്ക് കാര്യങ്ങൾ നീങ്ങുമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. ജില്ലാ പ്രസിഡന്റുമാരുടെ തെരഞ്ഞെടുപ്പിലും തഴയപ്പെട്ടിരുന്ന കൃഷ്ണദാസ് പക്ഷം സുരേന്ദ്രനെതിരേ ശക്തമായി തിരിച്ചടിക്കാൻ അവസരം കാത്തിരിക്കയാണ്.