ന്യൂയോർക്ക്: സുപ്രധാന കംപ്യൂട്ടർ കമാൻഡുകളായ കോപ്പി, കട്ട്, പേസ്റ്റ് എന്നിവ കണ്ടുപിടിച്ച ലാറി ടെസ്‌ലർ (74) അന്തരിച്ചു. ലോകത്ത് ബഹുഭൂരിപക്ഷത്തിനും കംപ്യൂട്ടർ കാണാൻപോലും സാധിക്കാത്ത 1960-കളിൽ സിലിക്കൺവാലിയിലെ പ്രധാന സാങ്കേതികവിദ്യാകമ്പനികളിൽ പ്രവർത്തിച്ച് മികവ് തെളിയിച്ചു ലാറി ടെസ്‌ലർ.
സിറോക്സ് പാലോ അൽട്ടോ റിസർച്ച് സെന്ററിൽ ജോലിചെയ്യുമ്പോഴാണ് 1973-ൽ ടെസ്‍ലർ കട്ട്, കോപ്പി, പേസ്റ്റ് കണ്ടെത്തുന്നത്. തുടർന്ന് ഫൈൻഡ് ആൻഡ് റീപ്ലേസ് കമാൻഡും കണ്ടുപിടിച്ചു. പിന്നീട് സ്റ്റീവ് ജോബ് ടെസ്‌ലറെ ആപ്പിൾ കമ്പനിയിലേക്ക് അടുപ്പിച്ചു. അവിടെ 17 വർഷം ജോലിചെയ്തു. ചീഫ് സയന്റിസ്റ്റ് തസ്തികയിലെത്തി. ആപ്പിളിൻറെ യൂസർ ഇൻറർഫെയ്‌സ് ഡിസൈൻ ചെയ്യുന്നതിൽ നിർണായക പങ്കുവഹിച്ചു. ആപ്പിൾ വിട്ടശേഷം വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട സ്റ്റാർട്ടപ്പ് ആരംഭിച്ചു. ആമസോൺ, യാഹൂ തുടങ്ങിയ വമ്പൻ കമ്പനികളിലും ഹ്രസ്വകാലം പ്രവർത്തിച്ചു.
1945-ൽ ന്യൂയോർക്കിലാണ് ജനനം.കാലിഫോർണിയയിലെ സ്റ്റാൻഫോർഡ് സർവകലാശാലയിലായിരുന്നു പഠനം. ബിരുദത്തിനുശേഷം കംപ്യൂട്ടർ മേഖലയിലേക്ക് തിരിയുകയായിരുന്നു.