തിരുവനന്തപുരം: അനധികൃതമായി സ്വത്ത് സമ്പാദിച്ചെന്ന കേസിൽ മുൻമന്ത്രി വി.എസ് ശിവകുമാറിനെ ഒന്നാം പ്രതിയാക്കി വിജിലൻസിന്റെ എഫ്.ഐ.ആർ. വിജിലൻസ് സ്പെഷ്യൽ സെൽ എഫ്ഐആർ പ്രത്യേക വിജിലൻസ് കോടതിയിൽ സമർപ്പിച്ചു.
എം. രാജേന്ദ്രൻ, താത്കാലിക പേഴ്സണൽ സ്റ്റാഫ് അംഗം ഷൈജു ഹരൻ, അഡ്വ. എം.എസ് ഹരികുമാർ എന്നിവരാണ് മറ്റു പ്രതികൾ. എം രാജേന്ദ്രനെ ബിനാമിയാക്കി ശിവകുമാർ അനധികൃത സ്വത്ത് സമ്പാദിച്ചുവെന്നാണ് വിജിലൻസിന്റെ പ്രാഥമിക നിഗമനം. മറ്റുപ്രതികൾ സ്വത്ത് സമ്പാദനത്തിന് സഹായം നൽകി. പ്രാഥമിക തെളിവ് ശേഖരണത്തിന്റെ അടിസ്ഥാനത്തിലാണ് വിജിലൻസ് എഫ്ഐആർ തയ്യാറാക്കിയിട്ടുള്ളത്.
നേരത്തെ ഏഴ് പേർക്കെതിരെ വിജിലൻസ് രഹസ്യ പരിശോധന നടത്തിയിരുന്നു. വി.എസ് ശിവകുമാറിന്റെ സ്വത്ത് വിവരങ്ങൾ വിശദമായി പരിശോധിക്കണമെന്നാണ് വിജിലൻസിന്റെ നിലപാട്. ശിവകുമാർ അടക്കമുള്ളവരെ ചോദ്യംചെയ്യുമെന്നാണ് സൂചന.
എന്നാൽ, കേസ് രാഷ്ട്രീയ പ്രേരിതമാണെന്ന നിലപാടിലാണ് കോൺഗ്രസും യുഡിഎഫും.