ഒന്നാമനാകും മുമ്പേ മൊട്ടേര വൈറലായി

അഹമ്മദാബാദ്: ഒന്നാമനാകും മുമ്പേ മൊട്ടേര ക്രിക്കറ്റ് സ്റ്റേഡിയം വൈറലായി. ലോകത്തെ ഏറ്റവും വലിയ ക്രിക്കറ്റ് സ്റ്റേഡിയമായി മാറുന്ന അഹമ്മദാബാദിലെ മൊട്ടേര ക്രിക്കറ്റ് സ്റ്റേഡിയത്തിന്റെ ബി.സി.സി.ഐ പുറത്തുവിട്ട ആകാശദൃശ്യമാണ് പുറത്ത് വിട്ട് ഏറെ വൈകാതെ സോഷ്യൽ മീഡിയയിൽ വൈറലായത്.

1,10,000-ലേറെ പേർക്ക് ഒന്നിച്ചിരുന്ന് കളികാണാൻ സാധിക്കുന്ന സ്റ്റേഡിയം 700 കോടി രൂപ ചെലവിട്ടാണ് നിർമിച്ചിരിക്കുന്നത്. 50000-ൽ അധികം പേർക്കിരിക്കാവുന്ന മൊട്ടേരയിലെ സർദാർ പട്ടേൽ സ്റ്റേഡിയം നവീകരിച്ചാണ് ലോകത്തിലെ ഏറ്റവും വലിയ ക്രിക്കറ്റ് സ്റ്റേഡിയമാക്കി മാറ്റിയിരിക്കുന്നത്.നാല് ഡ്രസ്സിങ് റൂമുകൾ, ക്ലബ്ബ് ഹൗസ്, സ്വിമ്മിങ് പൂളുകൾ, 76 കോർപറേറ്റ് ബോക്സുകൾ, 4000 കാറുകൾ, 10000 ബൈക്കുകൾ എന്നിവയ്ക്കുള്ള പാർക്കിങ് സൗകര്യം തുടങ്ങിയവയുണ്ട്.

63 ഏക്കറുകളിലായി വ്യാപിച്ചു കിടക്കുന്നതാണ് സ്റ്റേഡിയം.

90,000 പേർക്കിരിക്കാൻ സൗകര്യമുള്ള ഓസ്ട്രേലിയയിലെ മെൽബൺ ക്രിക്കറ്റ് സ്റ്റേഡിയമാണ് മൊട്ടേരയ്ക്ക് പിന്നിലായത്.

ഈ മാസം 24 ന് അഹമ്മദാബാദ് സന്ദർശനവേളയിൽ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപും പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചേർന്നാണ് സ്റ്റേഡിയം ഉദ്ഘാടനം ചെയ്യുകയെന്ന് റിപ്പോർട്ടുണ്ട്.