അഹമ്മദാബാദ്: ഹൗഡി മോദി മാത്യകയിൽ അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന് കെം ഛോ ട്രംപ് എന്ന പേരിൽ ഗുജറാത്തിൽ വൻ വരവേൽപ്പ് നൽകും.ഗുജറാത്തി ഭാഷയിൽ “കെം ഛോ’ എന്നാൽ ഹൗ ആർ യു എന്നർഥം വരുന്ന പരിപാടിയിൽ ഒരു ലക്ഷം പേരെ പങ്കെടുപ്പിക്കാൻ തിരക്കിട്ട ഒരുക്കങ്ങളാണ് നടക്കുന്നത്.
24ന് സർദാർ വല്ലഭായ് പട്ടേൽ വിമാനത്താവളത്തിലെത്തുന്ന ട്രംപിനെ പ്രധാനമന്ത്രി നരേന്ദ്രമോദി സ്വീകരിക്കും. സബർമതി ആശ്രമത്തിൽ നിന്നാണ് ട്രംപിന്റെ യാത്ര ആരംഭിക്കുന്നത്. തുടർന്ന് ലോകത്തിലെ ഏറ്റവും വലിയ ക്രിക്കറ്റ് സ്റ്റേഡിയമായ സർദാർ വല്ലഭായ് പട്ടേൽ സ്റ്റേഡിയം ട്രംപ് ഉദ്ഘാടനം ചെയ്യും. ഇവിടെ വച്ചായിരിക്കും “കെം ഛോ ട്രംപ്’ പരിപാടിയും നടക്കുക. മോദി-ട്രംപ് സൗഹൃദം തുറന്നുകാട്ടുന്നതാണ് പരിപാടി.
ഇന്ത്യയിലെ പ്രശസ്തരായ കലാകാരന്മാരുടെ നേതൃത്വത്തിലുള്ള സാംസ്കാരിക വിരുന്ന് പരിപാടിയുടെ ഭാഗമായി നടക്കും.
ട്രംപിനെ സ്വീകരിക്കാൻ അഹമ്മദാബാദിൽ വിപുലമായ ഒരുക്കങ്ങളാണ് നടക്കുന്നത്.50 കോടിയോളം ചെലവഴിച്ച് പ്രധാന റോഡുകളുകളെല്ലാം നവീകരിക്കുകയാണ്.കൂടാതെ ട്രംപ് കടന്നു പോകുന്ന പ്രധാന റോഡുകളുടെ ഇരുവശവും ഒന്നരലക്ഷത്തോളം പൂച്ചട്ടികൾക്കൊണ്ട് അലങ്കരിക്കുന്നുണ്ട്.