പുല്‍വാമയില്‍ വീരമൃത്യു വരിച്ചവരെ നെഞ്ചിലേറ്റി ഉമേഷ്

ന്യൂഡെൽഹി: പുൽവാമയിൽ വീരമ്യത്യു വരിച്ച ജവാൻമാരുടെ സ്മരണ നെഞ്ചിലേറ്റി മാസങ്ങൾ നീണ്ട ഉമേഷിന്റെ യാത്ര സഫലമായി.
ഇന്ത്യൻ സൈന്യത്തിന് ഹൃദയത്തിൽ ഇടം നൽകിയ ബെംഗളൂരുവിലെ പാട്ടുകാരനായ ഉമേഷ് ഗോപിനാഥ് ജാധവിനിത് ധന്യ മുഹൂർത്തം.
പുൽവാമ ഭീകരാക്രമണത്തിന്റെ ഒന്നാം വാർഷിക ദിനമായ ഇന്ന് കശ്മീരിലെ ലെതോപോരയിലെ സിആർപിഎഫ് ക്യാമ്പിൽ നടന്ന അനുസ്മരണ ചടങ്ങിലെ പ്രത്യേക ക്ഷണിതാവായിരുന്നു ഉമേഷ് ഗോപിനാഥ് ജാധവ്.

പുൽവാമയിൽ വീരമൃത്യു വരിച്ച 40 സിആർപിഎഫ് ജവാൻമാരുടെയും വീടുകൾ സന്ദർശിച്ച് അവിടെനിന്നും ശേഖരിച്ചു ഒരു പിടി മണ്ണ് ചെറുഭരണിയിൽ ശേഖരിച്ചാണ് ഉമേഷ് സൈന്യത്തോടുള്ള തന്റെ ഐക്യദാർഢ്യം പ്രകടിപ്പിച്ചത്. ഇതാണ് പുൽവാമ ഓർമദിനത്തിൽ സൈനികർക്കുള്ള സ്മാരകത്തിന്റെ ഉദ്ഘാടനത്തിനായി ഉമേഷിനെ സിആർപിഎഫ് ക്യാമ്പിലേക്ക് ക്ഷണിക്കാനുള്ള കാരണവും.
രാജ്യത്തുടനീളം 61,000 കിലോമീറ്ററിലേറെ ദൂരം സഞ്ചരിച്ചാണ് ഉമേഷ് ജാധവ് 40 സൈനികരുടെയും വീടുകൾ സന്ദർശിച്ചത്. വീടുകളിൽ ജവാൻമാരെ സംസ്കരിച്ച സ്ഥലത്തുനിന്നും ശേഖരിച്ച മണ്ണ് സൈനികരുടെ ഓർമയ്ക്കായി ലെതോപോര ക്യാമ്പിൽ നടന്ന അനുസ്മരണ ചടങ്ങിൽ ഉമേഷ് സിആർപിഎഫിന് സമർപ്പിച്ചു.
പുൽവാമയിൽ വീരമൃത്യു വരിച്ച ജവാൻമാരെ കുടുംബങ്ങളെ അവരുടെ വീടുകളിലെത്തി സന്ദർശിക്കാനായതിൽ അഭിമാനമുണ്ടെന്നും, ജീവൻ പൊലിഞ്ഞവർക്ക് ആദരാഞ്ജലി അർപ്പിക്കാനാണ് യാത്ര നടത്തിയതെന്നും ഉമേഷ് പറഞ്ഞു.
കഴിഞ്ഞ വർഷം ഏപ്രിൽ ഒമ്പത് മുതലാണ് സൈനികരുടെ ഭവന സന്ദർശനം ഉമേഷ് ആരംഭിച്ചത്. പത്ത് മാസത്തോളം സമയമെടുത്താണ് പതിനാറ് സംസ്ഥാനങ്ങളിലെ 40 സൈനികരുടെയും വീടുകളിലെത്തി കുടുംബാഗംങ്ങളെ ഉമേഷ് ഗോപിനാഥ് നേരിൽകണ്ടത്.