ന്യൂഡെൽഹിഃ വിവാഹവും ജന്മദിനവും എല്ലാം ഇനി മെട്രോ കോച്ചിൽ ആഘോഷിക്കാം.
നോയ്ഡ മെട്രോ റെയിൽ കോർപ്പറേഷനാണ് ആഘോഷങ്ങൾക്ക് വേദിയൊരുക്കുന്നത്. ഓഡിറ്റോറിയങ്ങളെക്കാളും ഹോട്ടലുകളെക്കാളും കുറഞ്ഞ ചെലവേ ആകാശ ആഘോഷത്തിന് മുടക്കേണ്ടു. മുൻകൂർ കോച്ചുകൾ ബുക്ക് ചെയ്യണമെന്ന് മാത്രം.
മണിക്കൂറിന് 5000 രൂപമുതൽ 10,000 രൂപവരെ മുടക്കിയാൽ മതി. എപ്പോൾ വേണമെങ്കിലും ആഘോഷിക്കാം.
നോയ്ഡ മെട്രോ റെയിലിന് അധിക വരുമാനം കണ്ടെത്തുകയാണ് പുതുമയാർന്ന ആഘോഷത്തിലൂടെ ലക്ഷ്യമെന്ന് മെട്രോ റെയിൽ എക്സിക്യുട്ടീവ് ഡയറക്ടർ പി.ഡി ഉപാധ്യായ പറയുന്നു.
അതിഥികളുടെയും കോച്ചിന്റെയും പ്രത്യേകത അടിസ്ഥാനമാക്കി നാലു വിഭാഗങ്ങളായാണ് ആഘോഷത്തിന് അവസരമുള്ളത്.
ഓടുന്ന മെട്രോയിൽ അലങ്കാരങ്ങളില്ലാത്ത കോച്ചിന് 8000 രൂപയാണ് ഫീസ്.
നിർത്തിയിട്ടിരിക്കുന്ന അലങ്കാരങ്ങളില്ലാത്ത കോച്ചിന് 5000 രൂപ മുടക്കിയാൽ മതി.
ഓടുന്ന മെട്രോയിൽ അലങ്കാരങ്ങളുള്ള കോച്ച് ചെലവേറും.10,000 രൂപ.
നിർത്തിയിട്ടിരിക്കുന്ന അലങ്കാരങ്ങളുള്ള കോമിന് 7000 രൂപയാണ് നിരക്ക്.
15 ദിവസംമുമ്പെങ്കിലും ബുക്ക് ചെയ്യണം.മെട്രോ സമയങ്ങളിലാകും ഓടുന്ന കോച്ചുകൾ അനുവദിക്കുക.
ഓടാത്ത സമയമായ രാത്രി 11 മുതൽ പുലർച്ചെ രണ്ടുവരെയാകും നിർത്തിയിട്ടിരിക്കുന്ന കോച്ച് അനുവദിക്കുക.ഒരു പാർട്ടിക്ക് നാലു കോച്ചുവരെ ബുക്ക് ചെയ്യാം.
ബുക്കു ചെയ്യുമ്പോൾ സെക്യൂരിറ്റിയായി 20,000 രൂപയും നൽകണം. ഇത് തിരികെ നൽകും.