ന്യൂഡെൽഹി: ഹാട്രിക് വിജയത്തിന്റെ മാധുര്യത്തിൽ അരവിന്ദ് കേജരിവാൾ ഡൽഹി മുഖ്യമന്ത്രിയായി 16 ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും. ആം ആദ്മി പാർട്ടി തുടർച്ചയായി മൂന്നാം തവണയും അധികാരമേൽക്കുന്നത്.
തൽക്കാലം പുതുമുഖങ്ങളെ മന്ത്രിമാരാക്കില്ലെന്നാണ് അറിയുന്നത്.പഴയ മന്ത്രിസഭയിലെ അംഗങ്ങളെല്ലാം വീണ്ടും മന്ത്രിമാരാകുമെന്നാണ് സൂചന. രാഘവ് ചദ്ദ, അതിഷി എന്നീ പുതുമുഖങ്ങൾ മന്ത്രിമാരാകുമെന്ന് കേട്ടിരുന്നെങ്കിലും പഴയവരെ നിലനിർത്താൻ എഎപി തീരുമാനിച്ചതായാണ് വിവരം.
മുൻ മന്ത്രിമാരുടെ പ്രവർത്തന മികവാണ് ആം ആദ്മി പാർട്ടിയെ മികച്ച വിജയത്തിലെത്തിച്ചതെന്ന്
കേജരിവാൾ അഭിപ്രായപ്പെട്ടുവത്രേ. എന്തായാലും മന്ത്രിസഭയിൽ മനീഷ് സിസോദിയ, സത്യേന്ദർ ജെയിൻ, ഗോപാൽ റായ്, കൈലാഷ് ഗലോട്ട്, ഇമ്രാൻ ഹുസൈൻ, രാജേന്ദ്ര പാൽ ഗൗതം എന്നിവർ ഉണ്ടാകും.
കഴിഞ്ഞ ദിവസം ആം ആദ്മി പാർട്ടി എംഎൽഎമാരുടെ യോഗം കേജരിവാളിനെ നിയമസഭാകക്ഷി നേതാവായി തെരഞ്ഞെടുത്തിരുന്നു.
ഇന്ന് രാവിലെ ലഫ്നന്റ് ഗവർണർ അനിൽ ബൈജാലിനെ കണ്ട് സർക്കാരുണ്ടാക്കാൻ കേജരിവാൾ അവകാശവാദം ഉന്നയിച്ചിരുന്നു. തുടർന്ന് തിരഞ്ഞെടുക്കപ്പെട്ട എംഎൽഎമാരുടെ യോഗം കെജ്രിവാളിന്റെ വീട്ടിൽ ചേർന്നിരുന്നു. മുൻ മന്ത്രിസഭാ അംഗങ്ങളെ മാറ്റേണ്ടതില്ല എന്ന തീരുമാനമെടുത്തത് ഈ യോഗത്തിലായിരുന്നു.