ഇബ്രാഹിം കുഞ്ഞിനെ വിജിലൻസ് ചോദ്യം ചെയ്യും; അറസ്റ്റിന് സാധ്യത

കൊച്ചി: പാലാരിവട്ടം പാലം അഴിമതിക്കേസിൽ മുൻമന്ത്രി വി.കെ ഇബ്രാഹിം കുഞ്ഞിനെ 15ന് രാവിലെ 11 ന് വിജിലൻസ് ചോദ്യം ചെയ്യും. പൂജപ്പുരയിലെ വിജിലൻസ് സ്പെഷ്യൽ ഇൻവെസ്റ്റിഗേഷൻ ടീം ഒന്നിന്റെ ഓഫീസിൽ ചോദ്യംചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ടാണ് അദ്ദേഹത്തിന് നോട്ടീസ് നൽകിയിരിക്കുന്നത്.തുടർന്ന് അറസ്റ്റ് ഉണ്ടായേക്കുമെന്നാണ് സൂചന.

നേരത്തേ ഇബ്രാഹിം കുഞ്ഞിനെ ചോദ്യംചെയ്യാൻ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ കഴിഞ്ഞയാഴ്ച അനുമതി നൽകിയിരുന്നു. നിയമസഭാ സമ്മേളനം നടക്കുന്നതിനാലാണ് ചോദ്യം ചെയ്യൽ വൈകിയത്. കേസിലെ വിവിധ രേഖകളുടെ പരിശോധന ഇതിനകം വിജിലൻസ് പൂർത്തിയാക്കിയിട്ടുണ്ട്.
ഇബ്രാഹിം കുഞ്ഞിനെ ചോദ്യംചെയ്യാൻ അനുമതി തേടി നാലുമാസം മുമ്പാണ് ഗവർണർക്ക് വിജിലൻസ് അപേക്ഷ സമർപ്പിച്ചത്. വിജിലൻസ് ഡിവൈഎസ്പി ശ്യാം കുമാറാണ് കേസ് അന്വേഷണത്തിന് നേതൃത്വം നൽകുന്നത്.
പാലാരിവട്ടം ഫ്ലൈഓവർപാലം അഴിമതിക്കേസിന്റെ അന്വേഷണം നിർണായക വഴിത്തിരിവിലാണ്. ഇബ്രാഹിം കുഞ്ഞിന്റെ അറസ്റ്റ് ഉണ്ടാകുമോ എന്നത് ചോദ്യംചെയ്യലിന്റെ അടിസ്ഥാനത്തിലാകും വിജിലൻസ് തീരുമാനമെടുക്കുക.