ആലപ്പുഴ: വിദ്യാഭ്യാസ കച്ചവടം ലക്ഷ്യമാക്കി പ്രവർത്തിക്കുന്ന സ്കൂൾ മാനേജ്മെന്റുകളെ കർശനമായി നിയന്ത്രിക്കുമെന്ന് മുഖ്യമന്ത്രി. അധ്യാപക നിയമനവുമായി ബന്ധപ്പെട്ട ബജറ്റ് നിർദേശത്തിന്റെ പേരിൽ സർക്കാരിനെ വിരട്ടാൻ വരരുത്. ശമ്പളം കൊടുക്കാൻ സർക്കാരിനു പറ്റുമെങ്കിൽ വാടകയ്ക്ക് എടുത്തു സ്കൂൾ പ്രവർത്തിപ്പിക്കാനും ബുദ്ധിമുട്ടില്ലെന്നും കെഎസ്ടിഎ സംസ്ഥാനസമ്മേളനത്തോടനുബന്ധിച്ചുള്ള പൊതുസമ്മേളനത്തിൽ മുഖ്യമന്ത്രി വ്യക്തമാക്കി.
മാനേജ്മെന്റുകൾ കൊള്ളരുതായ്മ കാണിക്കുന്നുവെന്ന അഭിപ്രായം സർക്കാരിനില്ല. പൊതുവിദ്യാഭ്യാസരംഗത്ത് എയ്ഡഡ് സ്ഥാപനങ്ങളുടെ പങ്കും ചെറുതല്ല. സർക്കാർ എയ്ഡഡ് മാനേജ്മെന്റുകളെ അവിശ്വസിക്കുന്നുമില്ല. എന്നാൽ തെറ്റായ രീതിയിൽ പോകുന്നവരെ നേരെയാക്കുക തന്നെ ചെയ്യും. പുതിയ ഡിവിഷനും തസ്തികയും സൃഷ്ടിക്കപ്പെടുമ്പോൾ സർക്കാർ അറിയുക തന്നെ വേണം. കച്ചവടം മാത്രം ലക്ഷ്യമാക്കി പ്രവർത്തിക്കുന്നവരെ മാത്രം ഉദ്ദേശിച്ചാണ് ബജറ്റിലെ പരാമർശമെന്നും മുഖ്യമന്ത്രി പറഞ്ഞു.
എയ്ഡഡ് സ്കൂളുകൾ നടത്താൻ ബുദ്ധി മുട്ടാണെന്നു ചില മാനേജ്മെന്റുകൾ പറയുന്നതു എന്തുകൊണ്ടാണെന്ന് മനസിലാവുന്നില്ല. വിദ്യാഭ്യാസ രംഗത്ത് കച്ചവട താത്പര്യത്തോടെ ചിലർ വന്നിട്ടുണ്ട്. കുട്ടികളുടെ ഇല്ലാത്ത എണ്ണം പെരുപ്പിച്ച് കാട്ടുന്ന സ്ഥിതിയുണ്ട്. അപഥ സഞ്ചാരക്കാരെ നിയന്ത്രിക്കാൻ ചില നടപടികൾ വേണ്ടിവരും. ശരിയായ നിലയിൽ പ്രവർത്തിക്കുന്നവരെ സർക്കാർ അംഗീകരിക്കും.
സംശുദ്ധമായി പ്രവർത്തിക്കുന്നവർക്ക് യാതൊരു ബുദ്ധിമുട്ടും വരില്ല. തെറ്റായ രീതികൾ നിയന്ത്രിക്കാനുള്ള നടപടികൾ മാത്രമാവും സർക്കാർ കൈക്കൊള്ളുകയെന്നും മുഖ്യമന്ത്രി പറഞ്ഞു.
പൗരത്വ ഭേദഗതി ബിൽ കേരളത്തിൽ നടപ്പാക്കില്ല. അത് ആർഎസ്എസ് അജൻഡയുടെ ഭാഗമാണ്. ഭരണഘടനയ്ക്ക് അതീതമായ നിയമത്തിനു നിലനില്പില്ല. ഭരണഘടനാനുസൃതമായി അധികാരത്തിൽ വന്ന സംസ്ഥാന സർക്കാരിന് ആർഎസ്എസ് അജണ്ട നടപ്പാക്കേണ്ട കാര്യമില്ല. കേരളം സ്വീകരിച്ച നിലപാടിന് വലിയ അംഗീകാരം കിട്ടിയിട്ടുണ്ട്. എന്നാൽ ഇക്കാര്യത്തിൽ യോജിപ്പിന് കോണ്ഗ്രസ് തയാറാവുന്നില്ല.മുസ്ലിം ലീഗിന്റെ നേതാക്കൾ പോലും യോജിച്ച നീക്കം വേണമെന്നാണ് നിയമസഭയിൽ പറഞ്ഞത്.
കെഎസ്ടിഎ പ്രസിഡന്റ് കെ.ജെ. ഹരികുമാർ അദ്ധ്യക്ഷത വഹിച്ചു. മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ, ബിനോയ് വിശ്വം എംപി എന്നിവർ പ്രസംഗിച്ചു.