കാഞ്ഞിരപ്പള്ളി: ഭക്തി സാന്ദ്രമായ അന്തരീക്ഷത്തിൽ കാഞ്ഞിരപ്പള്ളി രൂപതയുടെ മെത്രാനായി മാർ ജോസ് പുളിക്കൽ ചുമതലയേറ്റു. സ്ഥാനമേൽക്കൽ ശുശ്രൂഷയിലും തുടർന്ന് ബിഷപ് മാർ അറയ്ക്കലിനു നൽകിയ സ്നേഹാദര സമ്മേളനത്തിലും ബിഷപ്പുമാരും സന്യസ്തരും ജനപ്രതിനിധികളുമടക്കം വൻ ജനാവലി പങ്കുചേർന്നു. രൂപതയുടെ നാലാമത്തെ ബിഷപാണ് മാർ ജോസ് പുളിക്കൽ.
സീറോ മലബാർ സഭാ മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരിയുടെ മുഖ്യകാർമികത്വത്തിലായിരുന്നു ചടങ്ങ്. തിരുക്കർമങ്ങളിൽ ചങ്ങനാശേരി ആർച്ച്ബിഷപ് മാർ ജോസഫ് പെരുന്തോട്ടം, മാർ മാത്യു അറയ്ക്കൽ എന്നിവർ സഹകാർമികരായിരുന്നു.
മാർ മാത്യു അറയ്ക്കലിന്റെ സ്വാഗത പ്രസംഗത്തിനു ശേഷം കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷനായി മാർ ജോസ് പുളിക്കലിനെ നിയമിച്ചുകൊണ്ടുള്ള ഉത്തരവ് ചാൻസലർ റവ.ഡോ. കുര്യൻ താമരശേരി വായിച്ചു.
കാഞ്ഞിരപ്പള്ളി രൂപതയുടെ പ്രഥമ മെത്രാൻ ആർച്ച്ബിഷപ് മാർ ജോസഫ് പവ്വത്തിൽ അനുഗ്രഹപ്രഭാഷണം നടത്തി. തുടർന്ന് സ്ഥാനാരോഹണ ശുശ്രൂഷയുടെ ഭാഗമായി കർദിനാൾ മാർ ആലഞ്ചേരി മാർ ജോസ് പുളിക്കലിനെ തൊപ്പി അണിയിച്ച് അംശവടി നൽകി സ്ഥാനിക കസേരയിൽ ഇരുത്തി.
മാർ ജോസ് പുളിക്കലിന്റെ മുഖ്യകാർമികത്വത്തിൽ നടത്തിയ സമൂഹബലിയിൽ കോഴിക്കോട് ബിഷപ് ഡോ.വർഗീസ് ചക്കാലയ്ക്കൽ വചനസന്ദേശം നൽകി. കർദിനാൾ മാർ ജോർജ് ആലഞ്ചേരിയുടെ ആശംസാ സന്ദേശത്തിനു ശേഷം മാർ പുളിക്കൽ കൃതജ്ഞതാ പ്രകാശനം നടത്തി.
സ്ഥാനമൊഴിഞ്ഞ ബിഷപ് മാർ മാത്യു അറയ്ക്കലിനു രൂപതകുടുംബം നൽകിയ ആദരവ് സമ്മേളനം സീറോ മലങ്കര കത്തോലിക്കാ സഭാ മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ ഉദ്ഘാടനംചെയ്തു.
പാലാ ബിഷപ് മാർ ജോസഫ് കല്ലറങ്ങാട്ട് അധ്യക്ഷത വഹിച്ചു. മാർ ജോസ് പുളിക്കൽ സ്വാഗതം ആശംസിച്ചു. ഓസ്ട്രിയയിലെ ഐസൻസ്റ്റാറ്റ് രൂപതാധ്യക്ഷൻ ഡോ. എജീദിയൂസ് സിഫ്കോവിച്ച്, ഡോ. ജോസഫ് മാർത്തോമ്മ വലിയ മെത്രാപ്പോലീത്ത, മാർ സേവേറിയോസ് കുറിയാക്കോസ് വലിയ മെത്രാപ്പോലീത്ത, ബിഷപ് ഡോ. സ്റ്റാൻലി റോമൻ, ഡോ. ജോഷ്വ മാർ നിക്കദിമോസ് മെത്രാപ്പോലീത്ത, ഡോ.തോമസ് മോർ തിമോത്തിയോസ്, വൈദിക പ്രതിനിധി റവ.ഡോ.തോമസ് പൂവത്താനിക്കുന്നേൽ, പാസ്റ്ററൽ കൗണ്‍സിൽ സെക്രട്ടറി ഷെവലിയർ അഡ്വ. വി. സി. സെബാസ്റ്റ്യൻ, സന്യാസിനി പ്രതിനിധി സിസ്റ്റർ സാലി സിഎംസി എന്നിവർ പ്രസംഗിച്ചു. മാർ മാത്യു അറയ്ക്കലിനു രൂപതയുടെ മംഗളപത്രം വികാരി ജനറാൾമാരായ മോണ്‍. ജോർജ് ആലുങ്കൽ, ഫാ. ജസ്റ്റിൻ പഴേപറമ്പിൽ എന്നിവർ സമർപ്പിച്ചു.
മാർ മാത്യു അറയ്ക്കൽ മറു പടിപ്രസംഗം നടത്തി.