മുംബൈ: മഹരാഷ്ട്രയിൽ ബിജെപിയുമായി ഒന്നിക്കാനുള്ള സാധ്യത തള്ളിക്കളയാനാകില്ലെന്ന് ശിവസേന നേതാവും മഹാരാഷ്ട്ര മുഖ്യമന്ത്രിയുമായി ഉദ്ധവ് താക്കറെ. ഭാവിയിൽ വീണ്ടും ഇരുപാർട്ടികളും യോജിക്കാനുള്ള സാധ്യത ഉരുത്തിരിഞ്ഞേക്കാം.
‘എന്നോട് കളവ് പറയാതിരിക്കുകയും നൽകിയ വാഗ്ദാനം അവർ പാലിക്കുകയും ചെയ്തിരുന്നെങ്കിൽ ഞാൻ ഒരിക്കലും മുഖ്യമന്ത്രിയാകില്ലായിരുന്നു.
ശിവസേന മുഖപത്രമായ സാമ്നയ്ക്ക് നൽകിയ അഭിമുഖത്തിലാണ് താക്കറെ നിലപാട് വ്യക്തമാക്കിയത്.
സ്ഥാനമാനങ്ങൾ സ്വീകരിക്കുന്നതല്ല തന്റെ കുടുംബത്തിന്റെ പാരമ്പര്യം. എന്നാൽ സ്ഥാനമാനങ്ങൾ ഏറ്റെടുത്തില്ലെങ്കിൽ പിതാവും ശിവസേന നേതാവുമായ ബാൽ താക്കറെയ്ക്ക് നൽകിയ വാഗ്ദാനങ്ങൾ പാലിക്കാൻ സാധിക്കില്ലായിരുന്നു.
വാഗ്ദാനങ്ങൾ ഇനിയും പൂർത്തിയാക്കിക്കഴിഞ്ഞിട്ടില്ല. ആദ്യ ചുവടാണ് മുഖ്യമന്ത്രി പദവിയെന്നും അദ്ദേഹം പറഞ്ഞു. ശിവസേന-കോൺഗ്രസ്-എൻസിപി സഖ്യം അധാർമ്മികമാണെന്ന ആരോപണം ഉദ്ധവ് തള്ളി. ‘ബിജെപി ശിവസേനയെ ധാർമ്മികത പഠിപ്പിക്കേണ്ട.
ഫഡ്നാവിസ് മറ്റ് പാർട്ടികളെ പിളർത്തി അതിലെ നേതാക്കളെ ചേർക്കുകയല്ലേ ചെയ്തത്’- ആശയപരമായ ഭിന്നതയുള്ളവർ ചേർന്ന് സഖ്യമുണ്ടാക്കിയതിനെക്കുറിച്ചുള്ള ചോദ്യത്തിന് അദ്ദേഹം മറുപടി നൽകുന്നത് ഇങ്ങനെ-‘നിതീഷ് കുമാർ ബിജെപിയിൽ നിന്ന് ഭിന്നമായി ചിന്തിക്കുന്നു, എന്നിട്ടും അവർ ഒരുമിച്ചു. ചന്ദ്രബാബു നായിഡുവും അവർക്കൊപ്പമായിരുന്നു. ഒരു ഘട്ടത്തിൽ മമത ബാനർജിയും സഖ്യത്തിനൊപ്പമായിരുന്നില്ലേ. അവരുടെ ആശയങ്ങൾ യോജിക്കുന്നവയാണോ? കശ്മീരിൽ അവർ വിഘടനവാദികളുമായി ചർച്ചനടത്തിയില്ലേ’-ഉദ്ധവ് ചോദിച്ചു.