കാര്‍ഷിക മേഖലയിൽ ഊന്നൽ :2.83 ലക്ഷം കോടി, 16 ഇന കര്‍മ്മ പരിപാടി

ന്യൂഡൽഹി: സാമ്പത്തിക പ്രതിസന്ധിയും തൊഴിലില്ലായ്മയും പരിഹരിക്കാൻ കാർഷിക മേഖയ്ക്ക് ഊന്നൽ നൽകി രണ്ടാം മോദി സർക്കാരിന്റെ ആദ്യ സമ്പൂർണ ബജറ്റ്. കാർഷിക സമരങ്ങളും കർഷകരുടെ പ്രതിഷേധങ്ങളും ഗ്രാമീണ ജനതയ്ക്കായി ചില പ്രഖ്യാപനങ്ങൾ നടത്താൻ കേന്ദ്ര സർക്കാരിനെ പ്രേരിപ്പിച്ചിട്ടുണ്ടെന്ന് ബജറ്റ് സൂചിപ്പിക്കുന്നു.

സാമ്പത്തിക മുന്നേറ്റവും
കരുതലും ഉന്നമനത്തിനുള്ള അഭിലാഷവും എന്നീ മൂന്ന് തൂണുകളിലാണ് ബജറ്റ് വിഭാവനം ചെയ്തിരിക്കുന്നതെന്ന് ബജറ്റ് അവതരിപ്പിച്ച് ധനകാര്യ മന്ത്രി നിർമ്മല സീതാരാമൻ പറഞ്ഞു. കർഷകർക്കായി ബജറ്റിൽ 16 ഇന കർമ്മപരിപാടികളാണ് രൂപകല്പന ചെയ്തിട്ടുള്ളത്.

കാർഷിക മേഖലയ്ക്ക് 2.83ലക്ഷം കോടി രൂപ നീക്കിവെച്ചിട്ടുണ്ട്.
രണ്ടു വർഷത്തിനകം കർഷകരുടെ വരുമാനം ഇരട്ടിയാക്കുമെന്ന് ബജറ്റ് പറയുന്നു.കർഷകർക്ക് കിസാൻ ക്രെഡിറ്റ് കാർഡ് നടപ്പാക്കും.

ജൈവകൃഷി പ്രോത്സാഹിപ്പിക്കുന്നതിന് പദ്ധതികൾ നടപ്പാക്കും.
വ്യോമയാനമന്ത്രാലയത്തിന്റെ സഹായത്തോടെയുള്ള കിസാൻ ഉഡാൻ പദ്ധതിയും പ്രഖ്യാപിച്ചിട്ടുണ്ട്.
നബാർഡിന്റെ പുനർവായ്പാ പദ്ധതി,കിസാൻ റെയിൽ പദ്ധതി-ട്രെയിനുകളിൽ കർഷകർക്കായി പ്രത്യേക ബോഗികൾ,മത്സ്യ മേഖലയ്ക്ക് സാഗർ മിത്ര പദ്ധതി എന്നിവയും പ്രഖ്യാപിച്ചിട്ടുണ്ട്.

രാജ്യാന്തര വിപണി ലക്ഷ്യമിട്ട് പദ്ധതികൾ ആവിഷ്കരിക്കും.
ഗ്രാമീണ തലത്തിൽ സംഭരണ ശാലകൾ തുടങ്ങും.22 ലക്ഷം കർഷകർക്ക് സോളാർ പമ്പുകൾ നൽകുമെന്നും ബജറ്റ് പറയുന്നു.