വെല്ലിങ്ടൺ: .ന്യൂസീലൻഡിനെതിരായ ട്വന്റി 20 പരമ്പരയിലെ നാലാം മത്സരത്തിൽ ഇന്ത്യയ്ക്ക് ജയം. സൂപ്പർ ഓവറിൽ ജയിക്കാനാവശ്യമായ 14 റൺസ് ഒരു പന്ത് ബാക്കിനിൽക്കെ മറികടന്നാണ് ഇന്ത്യ ജയം സ്വന്തമാക്കിയത്.ഇതോടെ ഒരു മത്സരം ബാക്കിനിൽക്കെ ഇന്ത്യ പരമ്പരയിൽ 4-0 ന് മുന്നിലെത്തി.
ബുംറയെറിഞ്ഞ സൂപ്പർ ഓവറിൽ ആദ്യം ബാറ്റു ചെയ്ത കിവീസ് ഒരു വിക്കറ്റ് നഷ്ടത്തിൽ 13 റൺസെടുത്തു. ടിം സെയ്ഫേർട്ടും സ്കോട്ട് കുഗ്ലെയ്നുമാണ് കിവീസിനായി ഓപ്പൺ ചെയ്തത്. മറുപടിയായി ടിം സൗത്തിയുടെ ആദ്യ രണ്ടു പന്തിൽ ഒരു സിക്സും ഫോറുമടക്കം 10 റൺസെടുത്ത കെ.എൽ രാഹുൽ അടുത്ത പന്തിൽ പുറത്തായി. അഞ്ചാം പന്തിൽ ഫോറടിച്ച് ക്യാപ്റ്റൻ വിരാട് കോലി ഇന്ത്യയെ വിജയത്തിലെത്തിക്കുകയായിരുന്നു. രാഹുൽ പുറത്തായപ്പോൾ കോലിക്കൊപ്പം ക്രീസിലെത്തിയത് സഞ്ജു സാംസണായിരുന്നു.
നേരത്തെ നിശ്ചിത 20 ഓവറിൽ ഇന്ത്യ ഉയർത്തിയ 166 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ന്യൂസീലൻഡിന് ഏഴു വിക്കറ്റ് നഷ്ടത്തിൽ 165 റൺസെടുക്കാനേ സാധിച്ചുള്ളൂ. ഇതോടെ തുടർച്ചയായ രണ്ടാം മത്സരവും സൂപ്പർ ഓവറിലേക്ക് മത്സരം നീണ്ടു.
ഷാർദുൽ താക്കൂറെറിഞ്ഞ അവസാന ഓവറിൽ കിവീസിന് ഏഴു വിക്കറ്റ് ബാക്കിനിൽക്കെ ജയത്തിലേക്ക് ഏഴു റൺസ് വേണമായിരുന്നു. എന്നാൽ റോസ് ടെയ്ലർ, ടിം സെയ്ഫേർട്ട്, ഡാരിൽ മിച്ചെൽ, മിച്ചെൽ സാന്റ്നർ എന്നിവരുടെ വിക്കറ്റുകൾ അവർക്ക് അവസാന ഓവറിൽ നഷ്ടമായി. അവസാന പന്തിൽ ജയിക്കാൻ രണ്ടു റൺസ് വേണമെന്നിരിക്കെ സാന്റ്നർ റൺ ഔട്ടായതോടെ മത്സരം സൂപ്പർ ഓവറിലേക്ക് നീളുകയായിരുന്നു. പരമ്പരയിലെ തുടർച്ചയായ രണ്ടാം മത്സരമാണ് സൂപ്പർ ഓവറിലേക്ക് നീണ്ടത്.
ഹാമിൽട്ടണിൽ നടന്ന മത്സരത്തിലെ സൂപ്പർ ഓവറിലെ അവസാന രണ്ടു പന്തുകളും സിക്സറിന് പറത്തി രോഹിത് ശർമയായിരുന്നു ഇന്ത്യയ്ക്ക് വിജയമൊരുക്കിയത്.