ഇറക്കുമതി ഉള്ളിക്ക് രുചിയില്ല; കുറഞ്ഞ വിലയ്ക്ക് നൽകും

ന്യൂഡെൽഹി: രാജ്യത്തെ ഉള്ളി ക്ഷാമത്തെ തുടർന്ന് വിവിധ രാജ്യങ്ങളിൽ നിന്നും ഇറക്കുമതി ചെയ്ത ഉള്ളി ആർക്കും വേണ്ട. വില കൂടിയപ്പോൾ ഇറക്കുമതിചെയ്ത വലിയ ഉള്ളിയ്ക്ക് രുചി കുറവായതിനാൽ ഡിമാൻറില്ല. ഇത് സംസ്ഥാനങ്ങൾക്കു കുറഞ്ഞ വിലയ്ക്ക് നൽകാനാണ് കേന്ദ്ര തീരുമാനം.മുംബൈ തുറമുഖത്ത് കെട്ടിക്കിടക്കുന്ന ഉള്ളി ചീത്തയാകുമെന്നതാണ് വേഗത്തിൽ ഇതൊഴിവാക്കാൻ കേന്ദ്രത്തെ പ്രേരിപ്പിക്കുന്നത്. 50 രൂപയ്ക്ക് ഇറക്കുമതിചെയ്ത ഉള്ളി കുറഞ്ഞ വിലയ്ക്ക് ഉടൻ സംസ്ഥാനങ്ങൾക്കു നൽകും.

ശ്രീലങ്ക, മാലദ്വീപ്, നേപ്പാൾ, ബംഗ്ലാദേശ് എന്നീ രാജ്യങ്ങൾക്ക് എടുത്തവിലയ്ക്കു മറച്ചുവിൽക്കാൻ ശ്രമിച്ചെങ്കിലും അതു നടന്നില്ല. ഇതോടെയാണ് വിലകുറച്ച് സംസ്ഥാനങ്ങൾക്ക് വിൽക്കുന്നത്.

33,500 ടൺ ഉള്ളിയാണ് മുംബൈ തുറമുഖത്ത് കെട്ടിക്കിടക്കുന്നത്.ആഭ്യന്തര വിപണിയിൽ ഉള്ളി ക്ഷാമം കുറഞ്ഞതോടെ മഹാരാഷ്ട്ര, കർണാടക, ഒഡിഷ, ഹരിയാന, അസം സംസ്ഥാനങ്ങൾ നേരത്തേ ഉള്ളി ഇറക്കുമതിക്കു നൽകിയ ഓർഡർ പിൻവലിച്ചതാണ് കെട്ടി കിടക്കാൻ കാരണം.
നാഫെഡ് വഴി വിൽക്കാനാണ് നീക്കം.

കഴിഞ്ഞമാസം കിലോയ്ക്ക് 200 രൂപ വരെയെത്തിയ ഉള്ളിക്ക് ഇപ്പോൾ 60 രൂപയാണ് വില. വിളവെടുപ്പ് തുടങ്ങിയതിനാൽ വില ഇനിയും കുറയും. ഇറക്കുമതി ഉള്ളി വിറ്റഴിക്കാൻ കിലോയ്ക്ക് പത്തോ പതിനഞ്ചോ രൂപയ്ക്ക് വിൽക്കേണ്ടി വരും. തക്ക സമയത്ത് തീരുമാനമെടുത്ത് ഇറക്കുമതി നടത്താൻ കഴിയാതിരുന്ന കേന്ദ്ര സർക്കാരിന് കോടികൾ നഷ്ടമാകും.