കേരളത്തിൽ ഒരാൾക്ക് കൊറോണ വൈറസ്; 1053 പേർ നിരീക്ഷണത്തിൽ

തിരുവനന്തപുരം: സംസ്ഥാനത്ത് ഒരാൾക്ക് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചതോടെ ജാഗ്രത കർശനമാക്കി. ഇന്ത്യയിൽ തന്നെ ആദ്യമായാണ് കേര ളത്തിൽ വൈറസ് ബാധ സ്ഥിരീകരിച്ചത്. ചൈനയിലെ വുഹാൻ സർവ്വകലാശാലയിൽ നിന്ന് മടങ്ങിയെത്തിയ വിദ്യാർഥിനിക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ത്യശൂർ ജനറൽ ആശുപത്രി ചികിൽസയിലാണ് വിദ്യാർഥിനി.

സംസ്ഥാനത്ത് ആകെ 1053 പേർ നിരീക്ഷണത്തിലുണ്ടെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. ഇതിൽ 1038 പേർ വീടുകളിലും 15 പേർ വിവിധ ആശുപത്രികളിലുമാണ് നിരീക്ഷണത്തിലുള്ളത്. ഇന്നലെ ഏഴ് പേരെ ആശുപത്രികളിൽ പ്രവേശിപ്പിച്ചതായും ആരോഗ്യവകുപ്പ് അറിയിച്ചു.

നിലവിൽ ആശുപത്രിയിൽ നിരീക്ഷണത്തിലുള്ള ആരുടെയും ആരോഗ്യനിലയിൽ ആശങ്കപ്പെടാനില്ലെന്ന് ആരോഗ്യവകുപ്പ് വ്യക്തമാക്കിയിട്ടുണ്ട്. പൂനയിലെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് അയച്ച സാംപിളിന്റെ പ്രാഥമിക ഫലത്തിലാണ് തൃശൂർ ജനറൽ ആശുപത്രിയിൽ ചികിത്സയിലുള്ള വിദ്യാർഥിനിക്ക് കൊറോണ സ്ഥിരീകരിച്ചത്. രണ്ടാമത്തെ പരിശോധന ഫലംകൂടി വരാനുണ്ട്. നിലവിൽ ഐസൊലേഷൻ വാർഡിൽ ചികിത്സ തുടരുന്ന വിദ്യാർഥിനിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ആരോഗ്യമന്ത്രി അറിയിച്ചു.

പുനെയിലേക്കയച്ച 20 പേരുടെ സാംപികളിൽ 15 പേരുടെ പരിശോധന ഫലം നെഗറ്റീവാണ്. ഇനി നാലു പേരുടെ ഫലം കൂടി ഇനി ലഭിക്കാനുണ്ട്. വിവിധ ആശുപ്രതികളിൽ നിരീക്ഷണത്തിലുള്ള വൈറസ് ബാധ സംശയിക്കുന്നവരുടെ സാംപിളുകളും പൂനെയിലേക്ക് പരിശോധനയ്ക്ക് അയച്ചിട്ടുണ്ടെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു.

ഏറ്റവും കൂടുതൽ ആളുകൾ നിരീക്ഷണത്തിലുള്ളത് കോഴിക്കോട് ജില്ലയിലാണ്. 166 പേരാണ് ഇവിടെ വീടുകളിലും ആശുപത്രികളിലുമായി നിരീക്ഷണത്തിലുള്ളത്. മലപ്പുറത്ത് 154 പേരും എറണാകുളത്ത് 153 പേരും നിരീക്ഷണത്തിലുണ്ട്. കൊല്ലത്ത് 100 പേരും തിരുവനന്തപുരത്ത് 83 പേരും പാലക്കാട് 64 പേരുമാണ് നിരീക്ഷണത്തിൽ കഴിയുന്നത്. പത്തനംതിട്ട (32), ഇടുക്കി (14), കോട്ടയം (32), ആലുപ്പുഴ (54), തൃശ്ശൂർ (76), വയനാട് (16), കണ്ണൂർ (61), കാസർകോട് (48) എന്നിങ്ങനെയാണ് നിരീക്ഷണത്തിലുള്ള ആളുകളുടെ കണക്ക്.