ന്യൂഡൽഹി: നിയമസഭാ തെരഞ്ഞെടുപ്പിൽ അധികാരം പിടിക്കാൻ ബിജെപി പഠിച്ചപണി പതിനെട്ടും പയറ്റുന്നതിനിടെ കേന്ദ്ര മന്ത്രിയുടെ കൊലവിളി പ്രസംഗവും.
കേന്ദ്ര ധനകാര്യ സഹമന്ത്രിയും ബിജെപി നേതാവുമായ അനുരാഗ് ഠാക്കൂറാണ് ഡൽഹിയിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ഉറഞ്ഞു തുള്ളിയത്.
രാജ്യത്തെ ഒറ്റുന്നവരെ വെടിവയ്ക്കാനായിരുന്നു കേന്ദ്രമന്ത്രി റിത്താലിയിലെ തെരഞ്ഞെടുപ്പ് പ്രചാരണ യോഗത്തിൽ ഉയർത്തിയ മുദ്രാവാക്യം. സംഭവത്തിൽ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ വിശദീകരണം തേടി.സംഭവം പരിശോധിക്കുകയാണെന്നും ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്നും സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു.
അനുരാഗ് താക്കൂർ പ്രവർത്തകരെക്കൊണ്ട് പ്രകോപനപരമായ മുദ്രാവാക്യം വിളിപ്പിച്ചു. രാജ്യത്തെ ഒറ്റുന്നവരെ എന്ന് മന്ത്രി പറയുമ്പോൾ “വെടിവയ്ക്കൂ’ എന്ന് പ്രവർത്തകർ മുദ്രാവാക്യം ഏറ്റുവിളിപ്പിച്ചു.
പ്രസംഗത്തിന്റെ വീഡിയോ ട്വിറ്ററിൽ വൈറലായി. ’ദേശ് കെ ഗദ്ദറോണ്’….എന്ന് താക്കൂർ വിളിക്കുകയും ’ഗോലി മാരോ സാലോണ് കോ’ എന്ന് പ്രവർത്തകരെക്കൊണ്ട് ഏറ്റ് വിളിപ്പിക്കുകയുമായിരുന്നു. മുതിർന്ന നേതാവ് ഗിരിരാജ് സിംഗിന്റെ സാന്നിധ്യത്തിലായിരുന്നു കേന്ദ്രമന്ത്രിയുടെ ആഹ്വാനം. ഇതു കഴിഞ്ഞയുടൻ പരിപാടിയിൽ അമിത് ഷായും പങ്കെടുത്തു.
അനുരാഗ് താക്കൂറിന്റെ പ്രസംഗത്തിനെതിരെ പ്രതിപക്ഷം രംഗത്തെത്തി. കേന്ദ്രധനകാര്യ സഹമന്ത്രിയായ അനുരാഗ് താക്കൂറിന് രാജ്യത്തെ സാമ്പത്തികാവസ്ഥയെക്കുറിച്ച് ഒന്നും പറയാനില്ലാത്തതിനാലാണ് പ്രകോപനപരമായി പ്രസംഗിക്കുന്നതെന്ന് എഎപി കുറ്റപ്പെടുത്തി. കേന്ദ്രത്തിന്റെ തെറ്റായ നയങ്ങൾ കാരണം പ്രതിസന്ധിയിലായവരെ വെടിവച്ച് കൊല്ലാൻ ആഹ്വാനം ചെയ്യുകയായിരുന്നു കേന്ദ്ര സഹമന്ത്രിയെന്ന്എഎപി ആരോപിച്ചു.