തിരുവനന്തപുരം: ഗവർണർ സർക്കാർ തർക്കത്തിൽ അയഞ്ഞ നിലപാടെടുത്ത് ഇരുകൂട്ടരും വിട്ടുവീഴ്ചയ്ക്ക്. തങ്ങളുടെ നിലപാട് ഇരുകൂട്ടരും മയപ്പെടുത്തിയതിന്റെ വ്യക്തമായ സൂചനകളാണ് ഗവർണറുടെയും ഭരണകക്ഷി നേതാക്കളുടെയും തന്ത്രപരമായ പിന്നോട്ടു പോക്ക്.ഗവർണറെ തിരിച്ചുവിളിക്കണമെന്ന പ്രതിപക്ഷ നേതാവിന്റെ പ്രമേയാനുമതി ആവശ്യം സർക്കാരിനെയും ഗവർണറെയും വെട്ടിലാക്കിയെന്നതിൽ സംശയമില്ല. തിരിച്ചുവിളി ക്കണമെന്ന പ്രമേയം
നിയമസഭയിൽ ചർച്ചക്കെടുത്താൽ ഗവർണറുടെ ഇമേജിനെ ബാധിക്കും.
പ്രതിപക്ഷ പ്രമേയത്തെ അനുകൂലിച്ചാൽ സർക്കാരിന് ഗവർണറിലും കേന്ദ്രത്തിലും നിന്ന് തിരിച്ചടി നേരിടേണ്ടി വരും. പ്രത്യേകിച്ച് പിണറായി പ്രതിയായ എസ് എൻ സി ലാവ് ലിൻ പ്രശ്നം നിൽക്കുമ്പോൾ. അതു കൊണ്ട് കേന്ദ്രത്തിന്റെ അപ്രീതി സി പി എം നേതാക്കൾ ഭയക്കുന്നുവെന്നത് ചർച്ചയായിട്ടുണ്ട്. തൽക്കാലം പ്രമേയത്തിന് അനുമതി നൽകില്ലെന്ന് ഉറപ്പായി.
ഈ സാഹചര്യത്തിൽ സർക്കാരുമായി പരസ്യ ഏറ്റുമുട്ടലിനില്ലെന്ന് ഗവർണറും ഗവർണറുമായി ചില കാര്യങ്ങളിൽ ചെറിയ അഭിപ്രായ വ്യത്യാസങ്ങളേ ഉള്ളൂവെന്ന ഇടതു നേതാക്കളുടെ ഏറ്റുപറച്ചിലും നിലപാടു മാറ്റലിന്റെ സൂചനകളാണ്.
പൗരത്വ നിയമ ഭേദഗതിക്കെതിരേ നിയമസഭ പാസാക്കിയ പ്രമേയത്തിനെതിരേ ഗവർണർ ശക്തമായ വിമർശനമുന്നയിച്ചിരുന്നു. മന്ത്രിസഭ അംഗീകരിച്ച നയപ്രഖ്യാപന പ്രസംഗത്തിൽ വിശദീകരണം തേടുകയും ചെയ്ത ഗവർണർ പൊതു ഏറ്റുട്ടലിൽ പിന്മാറിയത് ശ്രദ്ധേയമായിട്ടുണ്ട്.
റിപ്പബ്ലിക്ക് ദിനാഘോഷ വേദിയിലും ഇത് പ്രകടമായി. പരസ്പരം ഏറ്റുമുട്ടിയ
മുഖ്യമന്ത്രിയും ഗവര്‍ണറും വേദി പങ്കിടുന്നതിന്റെ കൗതുകവും ഇത്തവണത്തെ റിപ്പബ്ലിക് ദിന പരേഡിന് ഉണ്ടായിരുന്നു.
വികസന നേട്ടങ്ങളുടെ പേരില്‍ കേരളത്തേയും മുഖ്യമന്ത്രിയെന്ന നിലയില്‍ പിണറായി വിജയനേയും വാനോളം പുകഴ്ത്തിയാണ് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ സംസാരിച്ചത്.രണ്ട് പ്രളയത്തെ അതിജീവിച്ച കേരളം ഒരുമിച്ച് നിന്നാണ് പ്രകൃതി ദുരന്തത്തെ നേരിട്ടത്.
പിണറായി വിജയന്റെ നേതൃത്വത്തില്‍ നവകേരള നിര്‍മ്മാണം പുരോഗമിക്കുകയാണെന്നും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ പറഞ്ഞു.സർക്കാരിന്റെ പ്രവർത്തനങ്ങളെ പ്രസംഗത്തിലുടനീളം ഗവർണർ പ്രശംസിച്ചു.
ഇതിനു പിന്നാലെ ഇടതു നേതാക്കൾ നിലപാട് മയപ്പെടുത്തുന്നതിന്റെ സൂചനയുമായി രംഗത്തെത്തി.
ഗവർണറെ തിരിച്ചു വിളിക്കാൻ പ്രമേയം പാസാക്കാൻ സ്പീക്കർക്ക് നോട്ടീസ് നൽകിപിണറായി സര്‍ക്കാരിനെ കുടുക്കാനാണ് പ്രതിപക്ഷം ശ്രമിക്കുന്നതെന്ന് എൽ ഡി എഫ് കൺവീനർ എ വിജയരാഘവൻ കുറ്റപ്പെടുത്തി.
വിസിലടിക്കുന്നതിന് മുമ്പ് ഗോളടിക്കാനാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ശ്രമിക്കുന്നത്. അദ്ദേഹത്തിന്റെ ഈ നീക്കത്തെ പ്രോത്സാഹിപ്പിക്കാനാകില്ല. കേരളത്തിൽ നിലവിൽ ഭരണഘടനാ പ്രതിസന്ധിയില്ലെന്നും വിജയരാഘവൻ പറഞ്ഞു.
നിയമമന്ത്രി എ.കെ. ബാലനും ഇതേ വിഷയത്തിൽ ചെന്നിത്തലയ്ക്കെതിരേ രംഗത്തെത്തിയിരുന്നു.
പ്രതിപക്ഷത്തിന്റേത് കലക്കവെള്ളത്തിൽ മീൻ പിടിക്കാനുള്ള ശ്രമമാണെന്ന് മന്ത്രി ബാലൻ പറഞ്ഞു.
ഗവര്‍ണറും സര്‍ക്കാരും തമ്മില്‍ പ്രശ്നങ്ങളില്ല.സര്‍ക്കാരും ഗവര്‍ണറും തമ്മിലുള്ള ബന്ധം വഷളാക്കാന്‍ ആരെയും അനുവദിക്കില്ലെന്നും മന്ത്രി വ്യക്തമാക്കി. ഭരണഘടനാപരമായി സ്പീക്കറും സര്‍ക്കാരും ഗവര്‍ണറും കടമകൾ നിര്‍വഹിക്കും. ഇതിൽ ഏതെങ്കിലും ഒരു ഭാഗത്ത് വീഴ്ചയുണ്ടായെങ്കിൽ അത് ചര്‍ച്ച ചെയ്യണമെന്നുമായിരുന്നു ബാലന്റ പ്രതികരണം.
അതിനിടെ പ്രതിപക്ഷ നേതാവ് നൽകിയ ഗവർണറെ തിരിച്ചുവിളിക്കാനുള്ള പ്രമേയത്തിന് കാര്യോപദേശക സമിതിയുടെ ശുപാർശ അനുസരിച്ച് തീരുമാനമെടുക്കുമെന്ന് സ്പീക്കർ ശ്രീരാമകൃഷ്ണൻ അറിയിച്ചു.നിയമസഭ തുടങ്ങുന്നത് 29 നാണ്. അന്നു തന്നെയാണ് ഗവർണറുടെ നയപ്രഖ്യാപന പ്രസംഗവും. കാര്യോപദേശക സമിതിയോഗം 31 നും. ഗവർണർക്കെതിരായ പ്രമേയത്തിന് അനുമതി നൽകണമോയെന്ന് കാര്യോ പദേശക സമിതിയാണ് സ്പീക്കർക്ക് ശുപാർശ നൽകുന്നത്. ചുരുക്കത്തിൽ നയപ്രഖ്യാപന പ്രസംഗത്തെ ആശ്രയിച്ചായിരിക്കും അടുത്ത നീക്കമെന്ന് വ്യക്തം.