കീവീസിനെതിരെ ഇന്ത്യയ്ക്ക് മിന്നും ജയം

ഓക്ക്ലന്‍ഡ്: ബാറ്റിംഗ് കരുത്തിലേറി ഇന്ത്യയ്ക്ക് രണ്ടാം ട്വന്റി-20 പരമ്പരയിൽ തിളക്കമാർന്ന ജയം. കെ.എല്‍ രാഹുലിൻ്റെ ബാറ്റിങ് മികവാണ് ഇന്ത്യയ്ക്ക് ആധികാരിക വിജയം സമ്മാനിച്ചത്.
ഇതോടെ ന്യൂസീലന്‍ഡിനെ ഏഴു വിക്കറ്റിന് പരാജയപ്പെടുത്തി ഇന്ത്യ പരമ്പരയില്‍ 2-0ത്തിന് മുന്നിലെത്തി.
133 റണ്‍സെന്ന ചെറിയ സ്‌കോറിലേക്ക് ബാറ്റേന്തിയ ഇന്ത്യ 15 പന്ത് ശേഷിക്കെ മൂന്നു വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യത്തിലെത്തി. 
മത്സരം തുടക്കത്തിൽ നിരാശ പടർത്തിയെങ്കിലും ഇന്ത്യയുടെ ബാറ്റിംങ് കരുത്താണ് പീന്നിട് കണ്ടത്. എട്ടു റണ്‍സ് സ്‌കോർ ബോര്‍ഡില്‍ എത്തിയപ്പോഴേക്കും ഇന്ത്യക്ക് രോഹിത് ശര്‍മ്മയെ നഷ്ടപ്പെട്ടു. വിരാട് കോലിക്കും ആധികം ആയുസുണ്ടായില്ല. ഇരുവരെയും ഔട്ട് ആക്കിയത് സൗത്തിയായിരുന്നു.

മൂന്നാം വിക്കറ്റില്‍ ശ്രേയസ് അയ്യരും കെ.എല്‍ രാഹുലും ഒത്തുചേരുകയായിരുന്നു. ഇരുവരും 86 റണ്‍സ് കൂട്ടുകെട്ടുണ്ടാക്കി. 33 പന്തില്‍ ഒരു ഫോറും മൂന്നു സിക്സും സഹിതം ശ്രേയസ് 44 റണ്‍സ് അടിച്ചു. സൗത്തിയാണ് ഈ കൂട്ടുകെട്ട് പൊളിച്ചത്. പിന്നീട് ശിവം ദുബെയും രാഹുലും ചേര്‍ന്ന് ഇന്ത്യയെ വിജയതീരത്തെത്തിച്ചു.

രാഹുല്‍ 50 പന്തില്‍ മൂന്നു ഫോറും രണ്ട് സിക്സും സഹിതം 57 റണ്‍സുമായി പുറത്താകാതെ നിന്നു. നാല് പന്തില്‍ എട്ടു റണ്‍സോടെ ശിവം ദുബെയും ക്രീസിലുണ്ടായിരുന്നു.

പരമ്പരയിലെ മൂന്നാമത്തെ മത്സരം ബുധനാഴ്ച ഹാമിൽടണിൽ നടക്കും.