സീറോ മലബാർ സഭയിൽ കാഞ്ഞിരപ്പള്ളി ബിഷപ്പായി മാർ ജോസ് പുളിക്കലിനെ നിയമിച്ചു. 18 വർഷം ബിഷപായിരുന്ന മാർ മാത്യു അറയ്ക്കൽ വിരമിച്ചതിനെ ത്തുടർന്നാണ് രൂപതയുടെ സഹായ മെത്രാനായിരുന്ന മാർ ജോസ് പുളിക്കലിനെ ബിഷപായി നിയമിച്ചത്.
പാലക്കാട് രൂപതയുടെ സഹായമെത്രാനായി ഫാ.ജോൺ പീറ്റർ കൊച്ചുപുരയ്ക്കലിനെ കാക്കാനാട് മൗണ്ട് സെന്റ തോമസിൽ ചേർന്ന സഭാ സിനഡ് നിയമിച്ചു. അടുത്ത വർഷം വിരമിക്കുന്ന മാർ ജേക്കബ് മനന്തോടത്തിന്റെ പിൻഗാമിയായിരിക്കും നിലവിലെ സഹായമെത്രാൻ.നിയുക്ത സഹായ മെത്രാന്റെ സ്ഥാനരോഹണം ഉടൻ ഉണ്ടാകും.
പൗരത്വഭേദഗതി നിയമത്തക്കുറിച്ച് രാജ്യത്ത് നിലവിലുള്ള ആശങ്കകളും അസ്വസ്ഥതകളും പരിഹരിക്കാൻ തയ്യാറാകണമെന്ന് സിനഡ് കേന്ദ്രസർക്കാരിനോട് ആവശ്യപ്പെട്ടു. ഭാരതത്തിന്റെ പവിത്രമായ ഭരണഘടന അവികലമായി പരിരക്ഷിക്കപ്പെടുന്നു എന്ന് ഉറപ്പു വരുത്താൻ നിയമനിർമ്മാതാക്കൾ ശ്രദ്ധിക്കണമെന്നും സഭ പുറത്തിറക്കിയ പത്രക്കുറുപ്പിൽ പറയുന്നു.
ഭരണഘടനയുടെ അടിസ്ഥാന മൂല്യങ്ങളിലൊന്നായ മതേതരത്വം ഇൗ നിയമംമൂലം സംശയത്തിന്റെ ദൃഷ്ടിയിൽ നിൽക്കാൻ ഇടവരരുത്.
ന്യൂനപക്ഷ വിഭാഗങ്ങളുടെ ഉന്നമനത്തിനായി സർക്കാർതലത്തിൽ നടപ്പിലാക്കുന്ന പദ്ധതികളിൽ ക്രൈസ്തവർ വിവേചനം അനുഭവിക്കുന്നതായി സിനഡ് വിലയിരുത്തി. നിയമപരമായി തന്നെ കേരളത്തിലെ ന്യൂനപക്ഷ ക്ഷേമ വകുപ്പ് ചിലവിടുന്ന തുകയുടെ 80% ഒരു ന്യൂനപക്ഷ വിഭാഗത്തിനു മാത്രമായി സംവരണം ചെയ്തിരിക്കുകയാണ്. ശേഷിക്കുന്ന 20% ആണ് ന്യൂനപക്ഷങ്ങളിലെ മറ്റ് 5 വിഭാഗങ്ങൾക്കുമായി നിശ്ചയിക്കപ്പെട്ടിരിക്കുന്നത്. ഈ അനീതി പരിഹരിച്ച് ജനസംഖ്യാനുപാതികമായി ന്യൂനപക്ഷ ആനുകൂല്യങ്ങൾ ലഭ്യമാക്കാൻ സർക്കാർ നടപടി സ്വീകരിക്കണം
ആഗോള തലത്തിൽ കൈ്രസ്തവർക്കെതിരേ വർദ്ധിച്ചുവരുന്ന പീഡനങ്ങളിൽ സിനഡു ആശങ്ക രേഖപ്പെടുത്തി. ക്രിസ്മസ് നാളിൽ നൈജീരിയായിലെ ക്രിസ്ത്യൻ കൂട്ടക്കുരുതി മനുഷ്യ മനസ്സാക്ഷിയെ നടുക്കുന്നതായിരുന്നു.
പ്രണയക്കുരുക്കിൽപെട്ട് കേരളത്തിലും ഇതര സംസ്ഥാനങ്ങളിലും ക്രിസ്ത്യൻ പെൺകുട്ടികൾ കൊല്ലപ്പെടുന്ന സാഹചര്യം ഗൗരവത്തോടെ കാണേണ്ടതാണ്.
മതസൗഹാർദ്ദത്തെയും സാമൂഹിക സമാധാനത്തെയും അപകടപ്പെടുത്തുന്ന രീതിയിൽ ദുരുദ്ദേശപരമായ മതാന്തരപ്രണയങ്ങൾ കേരളത്തിൽ വർദ്ധിച്ചു വരുന്നത് ആശങ്കാജനകമാണ്. ക്രിസ്ത്യൻ പെൺകുട്ടികളെ ലക്ഷ്യമാക്കി ആസൂത്രിതമായ തോതിൽ ഇത്തരം നീക്കങ്ങൾ നടക്കുന്നു എന്നത് വസ്തുതയാണ്. കേരളത്തിൽ നിന്ന് എെ.എസ്. ഭീകര സംഘടനയിലേക്ക് ക്രിസ്ത്യൻ പെൺകുട്ടികൾ റിക്രൂട്ട് ചെയ്യപ്പെട്ടു എന്നത് ഏവരുടെയും കണ്ണ് തുറപ്പിക്കേതാണെന്ന് സിനഡ് വിലയിരുത്തി