മഞ്ഞിൽ പട്ടുടുത്ത് മൂന്നാർ;സഞ്ചാരികളുടെ പ്രവാഹം

ലോകം ടൂറിസം ഭൂപടത്തിൽ ഇടം നേടിയ മൂന്നാറിലേക്ക് അതിശൈത്യത്തിന്റെ കുളിർമയും സൗന്ദര്യവും ആസ്വദിക്കാൻ സന്ദർശക പ്രവാഹം. തെക്കേ ഇന്ത്യയിലെ കാശ്മീരിൽ റിസോർട്ടുകളും ലോഡ്ജുകളും വിദേശ – സ്വദേശ ടൂറിസ്റ്റുകളുടെ കൊണ്ട് നിറഞ്ഞു തുടങ്ങി.

മൂന്നാർ, എച്ചപ്പെട്ടി, കുണ്ടള ഡാം, മാട്ടുപെട്ടി, വട്ടവട തുടങ്ങിയ സ്ഥലങ്ങളിലെല്ലാം ഇന്ന് പൂജ്യം ഡിഗ്രിയായിരുന്നു താപനില. കഴിഞ്ഞ ദിവസങ്ങളിലേക്കാൾ തണുപ്പ് ഏറിവരികയാണ്. ചിന്നക്കനാൽ ഉള്‍പ്പെടെ ഹൈറേഞ്ച് മേഖലയില്‍ പലയിടത്തും താപനില പൂജ്യം ഡിഗ്രി സെല്‍ഷ്യസിനും താഴെയെത്തി. മഞ്ഞുറഞ്ഞ തേയില തോട്ടങ്ങളും തടാകങ്ങളും കുന്നുകളും സഞ്ചാരികളുടെ മനം മയക്കുന്നു. തണുത്ത് വിറച്ചും പുലരിയുടെ സൗന്ദര്യം ആസ്വദിക്കുന്നവർ ഏറെ.ഡിസംബറിൽ ഇക്കുറി തണുപ്പ് കുറവായിരുന്നു. ജനുവരി ആദ്യം മുതൽ തണുപ്പേറിയിട്ടുണ്ട്. താപനില ഇനിയും കുറയുമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.

മലയോര മേഖലയായ പത്തനംതിട്ടയിലും 19 ഡിഗ്രിയായി. മകരവിളക്കിന് ഒരുങ്ങുന്ന ശബരിമലയില്‍ 18 ഡിഗ്രി ആയി. പുലര്‍ച്ചെ പൂങ്കാവനം മഞ്ഞില്‍ മുങ്ങി നില്‍ക്കുകയാണ്. ശബരിമല തീർഥാടകരും ശൈത്യം ആസ്വദിച്ചാണ് മടങ്ങുന്നത്. ഇവിടെ കാലാവസ്ഥാ വകുപ്പിന്‍റെ ഔദ്യോഗിക നിരീക്ഷണ സംവിധാനമില്ല.  
വനം വകുപ്പിനു മാത്രമാണ് കണക്കെടുപ്പുള്ളത്.  സമതല പ്രദേശങ്ങളിലെ ഏറ്റവും കുറഞ്ഞ രാത്രി താപനിലയായ 17.8 ഡിഗ്രി പുനലൂരില്‍ അനുഭവപ്പെട്ടു. കോട്ടയത്ത് തിങ്കളാഴ്ച രാവിലെ 19.4 ഡിഗ്രിയായിരുന്നു താപനില.
വരും ദിവസങ്ങളിലും തണുപ്പു തുടരാനാണു സാധ്യത. ഉത്തേരന്ത്യയില്‍ അടുത്ത ഏതാനും ദിവസങ്ങളില്‍ പശ്ചിമേഷ്യയില്‍ നിന്നുള്ള തണുത്ത കാറ്റ് തണുപ്പും മഞ്ഞും മഴയും എത്തിക്കുമെന്ന് കാലാവസ്ഥാ നിരീക്ഷകര്‍ പറയുന്നു.