തിരുവനന്തപുരം: കെ റെയില്‍ പദ്ധതിക്ക് ബഫര്‍ സോണ്‍ ഉണ്ടാവില്ലെന്ന സ്വന്തം പ്രസ്താവന തിരുത്തി മന്ത്രി സജി ചെറിയാന്. പദ്ധതിക്ക് വേണ്ടി ഏറ്റെടുക്കുന്ന ഭൂമിക്ക് ഇരുവശവും ബഫര്‍ സോണ്‍ ഉണ്ടാകുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് പറഞ്ഞതിന് പിന്നാലെയാണ് മന്ത്രി തിരുത്തുമായി രംഗത്തെത്തിയത്.
ബഫര്‍ സോണില്‍ പാര്‍ട്ടി സെക്രട്ടറി പറഞ്ഞതാണ് ശരി. തനിക്ക് തെറ്റ് പറ്റിയതാകാമെന്നും മനുഷ്യന് തെറ്റ് പറ്റാമല്ലോയെന്നും സജി ചെറിയാന് പ്രതികരിച്ചു. എല്ലാ കാര്യങ്ങളും എല്ലാവരും പഠിച്ചിട്ടാകില്ല പ്രതികരിക്കുന്നതെന്ന് കോടിയേരി പറഞ്ഞിരുന്നു. ഹൈക്കോടതി പറഞ്ഞത് പ്രകാരമുള്ള നടപടികളാണ് ഇപ്പോള്‍ നടക്കുന്നതെന്നും കെ റെയില്‍ പദ്ധതിയുമായി സര്‍ക്കാര്‍ മുന്നോട്ട് പോകുമെന്നും കോടിയേരി വ്യക്തമാക്കി.
അതേസമയം കെ റെയില്‍ പാതയുടെ ഇരുവശത്തും പത്ത് മീറ്റര്‍ ബഫര്‍ സോണ്‍ ഉണ്ടാകുമെന്ന് കെ റെയില്‍ എംഡി വി അജിത് കുമാര്‍ വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍ വിവരാവകാശ നിയമപ്രകാരം സമരസമിതിക്ക് കെ റെയില്‍ നല്കിയ മറുപടിയില്‍ ബഫര്‍ സോണ്‍ 15 മീറ്റര്‍ എന്നാണ് പറയുന്നത്. ഇപ്പോഴും ബഫര്‍ സോണിന്റെ കാര്യത്തില്‍ ആശയകുഴപ്പം നിലനില്‍ക്കുകയാണ്.