സജി ചെറിയാന്‍ പറഞ്ഞത് ശരിയല്ല; കെ റെയില്‍ പാതയ്ക്ക് ഇരുവശവും ബഫര്‍ സോണ്‍ ഉണ്ടാകും: കോടിയേരി

തിരുവനന്തപുരം: കെ റെയില്‍ പദ്ധതിക്ക് ബഫര്‍ സോണ്‍ ഉണ്ടാവില്ലെന്ന മന്ത്രി സജി ചെറിയാന്റെ വാദം തള്ളി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. പദ്ധതിക്ക് വേണ്ടി ഏറ്റെടുക്കുന്ന ഭൂമിക്ക് ഇരുവശവും ബഫര്‍ സോണ്‍ ഉണ്ടാകുമെന്ന് അദ്ദേഹം വ്യക്തമാക്കി. എല്ലാ കാര്യങ്ങളും എല്ലാവരും പഠിച്ചിട്ടാകില്ല പ്രതികരിക്കുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഹൈക്കോടതി പറഞ്ഞത് പ്രകാരമുള്ള നടപടികളാണ് ഇപ്പോള്‍ നടക്കുന്നതെന്നും കെ റെയില്‍ പദ്ധതിയുമായി സര്‍ക്കാര്‍ മുന്നോട്ട് പോകുമെന്നും അദ്ദേഹം വ്യക്തമാക്കി. സര്‍വേക്കെതിരെ കോഴിക്കോട് കോണ്‍ഗ്രസും ബിജെപിയും ഒരുമിച്ച് സമരം ചെയ്യുകയാണെന്നും കോടിയേരി ആരോപിച്ചു. ഒരു മീറ്റര്‍ പോലും ബഫര്‍ സോണ്‍ ഉണ്ടാകില്ലെന്നാണ് കഴിഞ്ഞ ദിവസം മന്ത്രി സജി ചെറിയാന്‍ പറഞ്ഞത്.

അതേസമയം കെ റെയില്‍ പാതയുടെ ഇരുവശത്തും പത്ത് മീറ്റര്‍ ബഫര്‍ സോണ്‍ ഉണ്ടാകുമെന്ന് കെ റെയില്‍ എംഡി വി അജിത് കുമാര്‍ വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍ വിവരാവകാശ നിയമപ്രകാരം സമരസമിതിക്ക് കെ റെയില്‍ നല്‍കിയ മറുപടിയില്‍ ബഫര്‍ സോണ്‍ 15 മീറ്റര്‍ എന്നാണ് പറയുന്നത്. ഇപ്പോഴും ബഫര്‍ സോണിന്റെ കാര്യത്തില്‍ ആശയകുഴപ്പം നിലനില്‍ക്കുകയാണ്.