റായ്പൂര്‍: ഛത്തീസ്ഗഡില്‍ റായ്ഗഡ് ജില്ലയിലെ പേപ്പര്‍ മില്ലില്‍ വിഷവാതകം ശ്വസിച്ച് ഏഴു തൊഴിലാളികള്‍ ബോധരഹിതരായി. വിശാഖപട്ടണത്തെ വിഷവാതക ദുരന്തത്തിന് പിന്നാലെയാണ് നാടിനെ നടുക്കിയ റായ്ഗഡിലെ വാതക ചോർച്ച. തൊഴിലാളികളെ പ്രദേശത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മൂന്നുപേരുടെ നില വഷളായതിനെ തുടര്‍ന്ന് റായ്പൂരിലെ ആശുപത്രിയിലേക്ക് മാറ്റി.
ഇന്നലെ വൈകീട്ട് ശക്തിപേപ്പര്‍ മില്ലിലാണ് സംഭവം. ടാങ്ക് വൃത്തിയാക്കുന്നതിനിടെയാണ് തൊഴിലാളികള്‍ക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. കമ്പനിയുടെ ഉടമ ഇക്കാര്യം പുറത്ത് അറിയിച്ചില്ലെന്ന് പൊലീസ് പറയുന്നു.
ആശുപത്രി അധികൃതരാണ് പൊലീസിനെ ഇക്കാര്യം ധരിപ്പിച്ചത്. കൊറോണ വ്യാപനം തടയുന്നതിന് പ്രഖ്യാപിച്ച ലോക്ക്ഡൗണിനെ തുടര്‍ന്ന് കമ്പനി അടച്ചിട്ടിരിക്കുകയാണ്. പ്രവര്‍ത്തനം പുനരാരംഭിക്കുന്നതിന്റെ ഭാഗമായുളള മുന്നൊരുക്ക നടപടികള്‍ കമ്പനിയില്‍ പുരോഗമിക്കുകയാണ്. ഇതിന്റെ ഭാഗമായാണ് ടാങ്ക് വൃത്തിയാക്കാന്‍ നിര്‍ദേശിച്ചത്.