സമുദ്രാതിര്‍ത്തി ലംഘനം: ആഫ്രിക്കയില്‍ പിടിയിലായ മലയാളികള്‍ ഉള്‍പ്പെടെയുള്ള 56 മത്സ്യത്തൊഴിലാളികളെ വിട്ടയച്ചു

തിരുവനന്തപുരം: സമുദ്രാതിര്‍ത്തി ലംഘിച്ചതിന് ആഫ്രിക്കയില്‍ പിടിയിലായ മലയാളികള്‍ ഉള്‍പ്പെടെയുള്ള 56 മത്സ്യത്തൊഴിലാളികളെ വിട്ടയച്ചു. ആഫ്രിക്കന്‍ ദ്വീപായ സീഷെല്‍സില്‍ പിടിയിലായ 61 മത്സ്യത്തൊഴിലാളികളില്‍ 56 പേരെയാണ് വിട്ടയച്ചത്. വിട്ടയച്ചവരില്‍ രണ്ടു പേര്‍ മലയാളികളാണ്. അതേസമയം, ബോട്ടിന്റെ ക്യാപ്റ്റന്‍മാരായ അഞ്ചുപേരെ റിമാന്‍ഡ് ചെയ്തു.

വേല്‍ഡ് മലയാളി ഫെഡറേഷന്റെ ഇടപെടലിനെ തുടര്‍ന്നാണ് മത്സ്യത്തൊഴിലാളികളെ വിട്ടയച്ചത്. ഫെബ്രുവരി 22ന് വിഴിഞ്ഞത്ത് നിന്ന് അഞ്ച് മത്സ്യബന്ധന ബോട്ടുകളിലായി പോയവര്‍ ഈ മാസം 12ന് ആണ് സമുദ്രാതിര്‍ത്തി ലംഘിച്ചതിന് സീഷെയ്ല്‍സില്‍ പിടിയിലായത്. രണ്ട് മലയാളികളും അഞ്ച് അസം സ്വദേശികളും മറ്റുള്ളവര്‍ കന്യാകുമാരി സ്വദേശികളുമായിരുന്നു.

വിട്ടയച്ചവരെ ഉടന്‍ നാട്ടിലെത്തിക്കാന്‍ ഇന്ത്യന്‍ ഹൈകമ്മീഷന്‍ നടപടി സ്വീകരിച്ചുവരികയാണെന്ന് മലയാളി ഫെഡറേഷന്‍ പ്രവര്‍ത്തകര്‍ അറിയിച്ചു. ജയിലില്‍ കഴിയുന്നവരുടെ മോചനത്തിനായി നിയമനടപടികള്‍ തുടരും. അഞ്ച് ബോട്ടുകളും പിടിച്ചെടുത്തിട്ടുണ്ട്.