കെ റെയിലില്‍ പ്രതിഷേധം ശക്തമാകുന്നു; സര്‍വേ കല്ലുകള്‍ പിഴുതെറിഞ്ഞ് കോണ്‍ഗ്രസും ബിജെപിയും

കോഴിക്കോട്: കെ റെയില്‍ കല്ലിടലിനെതിരെ സംസ്ഥാനത്ത് പ്രതിഷേധം ശക്തമാകുന്നു. വിവിധയിടങ്ങളില്‍ കോണ്‍ഗ്രസിന്റെയും ബിജെപിയുടെയും നേതൃത്വത്തില്‍ സര്‍വേ കല്ലുകള്‍ പിഴുതെറിഞ്ഞു. കഴിഞ്ഞ ദിവസങ്ങളില്‍ പ്രതിഷേധം നടന്ന കോട്ടയം, എറണാകുളം, കോഴിക്കോട്, മലപ്പുറം, ജില്ലകളിലാണ് ഇന്നും പ്രതിഷേധം ശക്തമായത്.

കോട്ടയം നട്ടാശ്ശേരിയില്‍ സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ നിരവധിപേര്‍ പ്രതിഷേധ സമരത്തില്‍ പങ്കെടുത്തു. പ്രദേശത്ത് സര്‍വേ കല്ലുകള്‍ സ്ഥാപിക്കാന്‍ അനുവദിക്കില്ലെന്നാണ് സമരക്കാരുടെ നിലപാട്. ബി.ജെ.പി. പ്രവര്‍ത്തകരുടെ നേതൃത്വത്തിലാണ് കോഴിക്കോട് ജില്ലയിലെ അരീക്കാട് പ്രതിഷേധക്കാര്‍ സര്‍വേ കല്ലുകള്‍ പിഴുതെറിഞ്ഞത്. വീട്ടില്‍ അതിക്രമിച്ച് കയറി സ്ഥാപിച്ചിട്ടുള്ള പിണറായി വിജയന്റെ മഞ്ഞക്കുറ്റികളെല്ലാം പിഴുതെറിയുമെന്ന് സമരത്തിന് നേതൃത്വം നല്‍കിയ ബിജെപി നേതാവ് അഡ്വ. പ്രകാശ് ബാബു പറഞ്ഞു. കോഴിക്കോട് ഇടിയങ്ങരയിലും നാട്ടുകാരുടെ പ്രതിഷേധം നടന്നു.

എറണാകുളത്ത് ചോറ്റാനിക്കരയില്‍ സര്‍വേ കല്ലുകള്‍ സ്ഥാപിച്ചാല്‍ പിഴുതെറിയുമെന്ന മുന്നറിയിപ്പുമായി കോണ്‍ഗ്രസ് പ്രവര്‍ത്തകരും നാട്ടുകാരും രംഗത്തെത്തി. കഴിഞ്ഞദിവസം സര്‍വേ കല്ല് സ്ഥാപിക്കാന്‍ അധികൃതര്‍ എത്തിയിരുന്നെങ്കിലും പ്രതിഷേധത്തെ തുടര്‍ന്ന് മടങ്ങിപ്പോകുകയായിരുന്നു. മലപ്പുറം തിരുന്നാവായയില്‍ കല്ലിടലിനെതിരെ നൂറുകണക്കിന് പേര്‍ പ്രതിഷേധവുമായി രംഗത്തെത്തി. പ്രതിഷേധം ശക്തമായതോടെ തിരുന്നാവായയിലെ കല്ലിടല്‍ തത്കാലത്തേക്ക് മാറ്റിവെച്ചു.