കോണ്‍ഗ്രസിന്റെ കല്ലുപിഴുതു മാറ്റല്‍ സമരം പരിഹാസ്യം, ഭൂമി നഷ്ടപ്പെടുന്നവരുടേതല്ല രാഷ്ട്രീയ സമരമെന്ന് കോടിയേരി

കൊച്ചി: കെ റെയില്‍ പദ്ധതിക്കെതിരെ നടക്കുന്ന കോണ്‍ഗ്രസിന്റെ കല്ലുപിഴുതു മാറ്റല്‍ സമരം പരിഹാസ്യമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ഭൂമി നഷ്ടപ്പെടുന്നവരുടേതല്ല മറിച്ച് രാഷ്ട്രീയമായ സമരമാണിതെന്ന് പറഞ്ഞ കോടിയേരി കോണ്‍ഗ്രസിന് കല്ല് ആവശ്യമുണ്ടെങ്കില്‍ തങ്ങള്‍ എത്തിച്ചു കൊടുക്കാമെന്ന് വ്യക്തമാക്കി.

കെ റെയില്‍ വിരുദ്ധ സമരത്തിന്റെ പേരില്‍ രണ്ടാം വിമോചന സമരത്തിനാണ് കോണ്‍ഗ്രസ് കോപ്പ് കൂട്ടുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ചങ്ങനാശ്ശേരി കേന്ദ്രമാക്കി സമരം നടത്താനാണ് കോണ്‍ഗ്രസിന്റെ ശ്രമം. കേന്ദ്രമന്ത്രി വി മുരളീധരന്‍, മതമേലധ്യക്ഷന്‍, സാമുദായ നേതാവ് എന്നിവരടക്കം കെ റെയില്‍ സമര കേന്ദ്രത്തിലെത്തി. 1957-59 കാലമല്ല ഇതെന്ന് ആലോചിച്ചിട്ട് വേണം ഇതൊക്കെ ചെയ്യാനെന്ന് അദ്ദേഹം പറഞ്ഞു.

ആളുകളെ മണ്ണെണ്ണ ഒഴിച്ചു കത്തിക്കാനാണോ കോണ്‍ഗ്രസ് ശ്രമിക്കുന്നത്. സ്ത്രീകളെ പരമാവധി സമരമുഖത്ത് എത്തിക്കാനാണ് അവരുടെ ശ്രമം. സ്ത്രീകള്‍ക്കെതിരെ അതിക്രമം നടത്താന്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നില്ല. എന്നാല്‍ സ്ത്രീകളെ ഒഴിവാക്കാന്‍ കോണ്‍ഗ്രസ് ശ്രമിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. സമരക്കാരെ അടിച്ചമര്‍ത്തുന്ന പൊലീസ് നടപടിയെ സ്തുതിക്കുകയാണ് വേണ്ടതെന്ന് കോടിയേരി വ്യക്തമാക്കി.