കെ റെയിലിന് പകരം ഫ്ളൈ ഇന്‍ കേരള; ബദല്‍ നിര്‍ദ്ദേശവുമായി കെ സുധാകരന്‍

തിരുവനന്തപുരം: കെ റെയിലിനെതിരെ സംസ്ഥാനത്ത് ജനകീയ പ്രതിഷേധം ശക്തമാകുന്നതിനിടെ പദ്ധതിക്ക് ബദല്‍ നിര്‍ദ്ദേശവുമായി കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍. തിരുവനന്തപുരത്ത് നിന്ന് മംഗലാപുരം വരെ വിമാന സര്‍വീസുകള്‍ വര്‍ധിപ്പിച്ച് കൊണ്ട് ഫ്ളൈ ഇന്‍ കേരള എന്ന പേരിലൊരു പദ്ധതിയാണ് സുധാകരന്‍ മുന്നോട്ടു വച്ചത്. ഹെഡ് ക്വാര്‍ട്ടേഴ്സ് ബന്ധിപ്പിച്ചു കൊണ്ടുള്ള ബസ് സര്‍വീസ് പോലെ വിമാനസര്‍വീസില്‍ പുതിയ സിസ്റ്റം ഉണ്ടാക്കണമെന്ന് അദ്ദേഹം പറഞ്ഞു.

വിമാനത്താവളത്തിന്റെ കാര്യത്തില്‍ സമ്പന്നമായ കേരളത്തില്‍ അഞ്ചു എയര്‍പോര്‍ട്ടുണ്ട്. അതിര്‍ത്തിയില്‍ മംഗലാപുരത്തും കോയമ്പത്തൂരും എയര്‍പോര്‍ട്ടുണ്ട്. ജില്ലാ തലത്തില്‍ എയര്‍ലിങ്ക് എളുപ്പത്തില്‍ സ്ഥാപിക്കാന്‍ കഴിയും. മൂന്നു മണിക്കൂര്‍ കൊണ്ട് മംഗലാപുരത്തു നിന്നും തിരുവനന്തപുരത്തെത്താന്‍ സാധിക്കുന്ന എയര്‍ ലിങ്ക് നിലവിലുണ്ട്.

എല്ലാമണിക്കൂറിലും ഓരോ ദിശയിലും വിമാനങ്ങള്‍ ഉണ്ടെന്ന് കരുതുക. അത്, തൊട്ടടുത്ത എയര്‍പോര്‍ട്ടില്‍ അരമണിക്കൂര്‍ ലാന്‍ഡ് ചെയ്യും. അതായത് മംഗലാപുരത്ത് നിന്നും രാവിലെ ഏഴിന് പുറപ്പെടുന്ന ഒരാള്‍ പത്തരയാകുമ്പോള്‍ തിരുവനന്തപുരത്ത് എത്തും. ചെറിയ ചെറിയ നഗരങ്ങളെ എയര്‍പോര്‍ട്ടുമായി ബന്ധിപ്പിച്ച് ബസ് സര്‍വീസുകള്‍ ആരംഭിക്കാം. ഫ്‌ളൈ ഇന്‍ കേരള പദ്ധതിക്ക് പരമാവധി ആയിരം കോടി രൂപ മാത്രമേ ചെലവ് വരികയുള്ളൂ എന്ന് അദ്ദേഹം പറഞ്ഞു.

13 വര്‍ഷം മുമ്പ് താന്‍ ദക്ഷിണാഫ്രിക്കയില്‍ പോയപ്പോള്‍ അവിടെ ഇത്തരത്തില്‍ സര്‍വീസ് ഉണ്ടായിരുന്ന കാര്യം സുധാകരന്‍ ചൂണ്ടിക്കാട്ടി. നമ്മള്‍ ചെന്ന് ടിക്കറ്റെടുക്കുന്നു, നേരെ ചെന്ന് ബസില്‍ കയറുന്ന പോലെ വിമാനത്തില്‍ കയറുന്നു. അഡ്വാന്‍സ് ബുക്ക് ചെയ്യേണ്ട, അപ്പപ്പോള്‍ ടിക്കറ്റെടുക്കാം. ഇനി റിസര്‍വേഷന്‍ ഉണ്ടെങ്കിലും അഥവാ ലേറ്റ് ആയാല്‍ പണം നഷ്ടപ്പെടില്ല. തൊട്ടടുത്ത വിമാനത്തില്‍ കയറാം. ഈ സിസ്റ്റത്തില്‍ തന്നെ നമുക്കും ഇവിടെ സര്‍വീസ് നടത്താനാകും. അത്തരമൊരു സാധ്യത നിലനില്‍ക്കേ എന്തിനാണ് ഇത്തരത്തിലൊരു അപകടകരമായ പദ്ധതി നടപ്പാക്കുന്നതെന്ന് സുധാകരന്‍ ചോദിച്ചു.