ആരോ​ഗ്യസേതു ആപ്പ് ; നിർബന്ധമാക്കുന്നതിന് എതിരെ ഹൈക്കോടതിയിൽ ഹർജി

കൊച്ചി: ആരോ​ഗ്യസേതു ആപ്പ് നിർബന്ധമാക്കുന്നതിനെതിരെ കേരള ഹൈക്കോടതിയിൽ ഹർജി. ആരോഗ്യ സേതു ആപ്പ് നിർബന്ധമാക്കുന്നത് ഭരണഘടന വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഹർജി നൽകിയിരിക്കുന്നത്. സ്പ്രിം​ഗ്ളർ കേസിലെ കേരള ഹൈക്കോടതി ഉത്തരവ് കൂടി ചൂണ്ടിക്കാട്ടിയാണ് റിട്ട് ഹർജി സമർപ്പിച്ചിരിക്കുന്നത്.

കേന്ദ്രസർക്കാർ ജീവനക്കാർക്ക് ആരോ​ഗ്യസേതു നിർബന്ധമാക്കിയത് ഭരണഘടനാ വിരുദ്ധമാണെന്ന് ഹർജിയിൽ പറയുന്നു. ആരോ​ഗ്യസേതു ആപ്പ് എല്ലാവരും ഉപയോ​ഗിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി തന്നെ ആവശ്യപ്പെടുന്നതും ഹർജിയിൽ പരാമർശിച്ചിട്ടുണ്ട്. കോൺഗ്രസ് നേതാവ് ജോൺ ഡാനിയേൽ റിട്ട് ഹർജി നൽകിയത്.

കൊറോണ വ്യാപനത്തിന്‍റെ പശ്ചാത്തലത്തില്‍ കേന്ദ്രസര്‍ക്കാര്‍ പുറത്തിറക്കിയ കോണ്‍ടാക്റ്റ് ട്രേസിങ്ങ് ആപ്ലിക്കേഷനാണ് ആരോഗ്യസേതു ആപ്പ്. ആപ്പ് പ്രവര്‍ത്തിക്കുക ഫോണ്‍ ലൊക്കേഷനും ബ്ലൂടൂത്ത് ഡാറ്റയും ഉപയോഗിച്ചാണ്. ആളുകള്‍ രോഗബാധയുള്ള സ്ഥലത്തോ രോഗിയുടെ അടുത്തോ പോയിട്ടുണ്ടോയെന്ന് ഈ ആപ്പിലൂടെ അറിയാന്‍ സാധിക്കും. സര്‍ക്കാര്‍, സ്വകാര്യ സ്ഥാപനങ്ങളിലെ എല്ലാ ജീവനക്കാര്‍ക്കും കേന്ദ്രസർക്കാർ ആരോഗ്യസേതു ആപ്പ് നിര്‍ബന്ധമാക്കിയിരുന്നു. അതേ സമയം ആപ്പിൽ സ്വകാര്യ വിവരങ്ങൾ സുരക്ഷിതമല്ലെന്ന് ഫ്രഞ്ച് ഹാക്കർ റോബർട്ട് ബാപ്റ്റിസ്റ്റ് അഭിപ്രായപ്പെട്ടിരുന്നു.