ദിലീപിന് തിരിച്ചടി: വധ ഗൂഢാലോചന കേസ് സ്‌റ്റേ ചെയ്യില്ല, അന്വേഷണം തുടരാമെന്ന് ഹൈക്കോടതി

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ കൊലപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയെന്ന കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജിയില്‍ ദിലീപിന് തിരിച്ചടി. കേസ് അന്വേഷണം സ്റ്റേ ചെയ്യില്ലെന്ന് അറിയിച്ച കോടതി ക്രൈംബ്രാഞ്ചിന് അന്വേഷണം തുടരാമെന്ന് വിധിച്ചു. കേസില്‍ കോടതി വിശദമായ വാദം കേള്‍ക്കും.

കേസില്‍ താന്‍ തെളിവുകള്‍ നശിപ്പിച്ചുവെന്ന പ്രോസിക്യൂഷന്‍ വാദം തെറ്റാണെന്ന് ചൂണ്ടിക്കാട്ടി കഴിഞ്ഞ ദിവസം ദിലീപ് കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചിരുന്നു. കൂടാതെ തന്റെ വീട്ടില്‍ ജോലി ചെയ്തിരുന്ന സഹായി ദാസനെ, ഡി.വൈ.എസ്.പി ബൈജു പൗലോസ് ഭീഷണിപ്പെടുത്തി മൊഴി നല്‍കിച്ചുവെന്നും സത്യവാങ്മൂലത്തില്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍ കോടതിക്ക് കൈമാറുന്നതിന് തൊട്ടു മുന്‍പ് ഫോണുകളിലെ നിര്‍ണ്ണായക വിവരങ്ങള്‍ ദിലീപ് നശിപ്പിച്ചുവെന്നാണ് പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചിട്ടുള്ളത്.

അതേസമയം ദിലീപിന്റെ ഫോണ്‍രേഖകള്‍ നശിപ്പിച്ച സൈബര്‍ വിദഗ്ധന്‍ സായ് ശങ്കറിന്റെ വീട്ടില്‍ ക്രൈംബ്രാഞ്ച് പരിശോധന നടത്തി. ദിലീപ് കോടതിക്ക് കൈമാറാത്ത ഫോണിലെ വിവരങ്ങള്‍ ഇയാളുടെ പക്കലുണ്ടെന്ന സൂചനയെ തുടര്‍ന്നാണ് പരിശോധന നടത്തിയത്. നിര്‍ണായക വിവരങ്ങള്‍ കണ്ടെത്തിയെന്നാണ് വിവരം. ദിലീപിന്റെ അഭിഭാഷകന്റെ ഓഫീസില്‍ വച്ച് രേഖകള്‍ നശിപ്പിച്ചത് സായ് ശങ്കര്‍ ആണെന്ന് ക്രൈംബ്രാഞ്ച് നേരത്തെ കണ്ടെത്തിയിരുന്നു.