കൊളംബോ: ശ്രീലങ്കയില്‍ അവശ്യസാധനങ്ങളുടെ വില കുതിച്ചുയരുന്നതിനെ തുടര്‍ന്ന് പ്രതിഷേധവുമായി ജനം തെരുവില്‍. തലസ്ഥാനമായ കൊളംബോയില്‍ പ്രസിഡന്റ് ഗോതബയ രാജപക്സ രാജിവയ്ക്കണമെന്നാവശ്യപ്പെട്ടാണ് പതിനായിരക്കണക്കിന് ആളുകളാണ് പ്രതിഷേധവുമായി തെരുവിലിറങ്ങിയത്. പ്രതിപക്ഷപാര്‍ട്ടിയായ യുണൈറ്റഡ് പീപ്പിള്‍സ് ഫോഴ്സിന്റെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം.
കടുത്ത സാമ്പത്തിക പ്രതിസന്ധിക്ക് പരിഹാരം കാണുന്നതിനായി സര്‍ക്കാര്‍ ശ്രീലങ്കന്‍ രൂപയുടെ മൂല്യം 36 ശതമാനം കുറച്ചിരുന്നു. ഇതോടെയാണ് അവശ്യസാധനങ്ങളുടെ വില കുതിച്ചുയര്‍ന്നത്. അരി കിലോയ്ക്ക് 448 ലങ്കന്‍ രൂപ (128 ഇന്ത്യന്‍ രൂപ) യാണ്. ഒരു ലിറ്റര്‍ പാല് വാങ്ങുന്നതിന് 263 (75 ഇന്ത്യന്‍ രൂപ) ലങ്കന്‍ രൂപ കൊടുക്കണം. പെട്രോളിനും ഡീസലിനും നാല്പത് ശതമാനം വില കൂട്ടിയതോടെ ഇന്ധനക്ഷാമവും രൂക്ഷമായി. ഒരു ലിറ്റര്‍ പെട്രോളിന് 283 ശ്രീലങ്കന്‍ രൂപ കൊടുക്കണം. ഡീസല്‍ ലിറ്ററിന് 176 ശ്രീലങ്കന്‍ രൂപയാണ്.
ശ്രീലങ്കയില്‍ കയറ്റുമതി കുറഞ്ഞുവരികയും ഇറക്കുമതി കൂടുകയും ചെയ്തതോടെ വിദേശനാണയം ആ വഴിക്ക് ചെലവായിത്തുടങ്ങി. വിദേശനാണയം തീര്‍ന്നതോടെ അവശ്യസാധനങ്ങള്‍ ഇറക്കുമതി ചെയ്യാനും കഴിയാതെയായി. കൂടാതെ കയറ്റുമതി വഴി വിദേശനാണയം കിട്ടുന്നത് കുറയുകയും ചെയ്തു. ഇതാണ് നിലവിലെ പ്രതിസന്ധിക്ക് കാരണം. വൈദ്യുതിനിലയങ്ങള്‍ പ്രവര്‍ത്തനമൂലധനമില്ലാത്തതിനാല്‍ അടച്ചിട്ടിരിക്കുകയാണ്. ഇതോടെ ദിവസം ഏഴരമണിക്കൂര്‍ പവര്‍കട്ടാണ് രാജ്യത്ത് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഇന്ത്യ ഈ വര്‍ഷം ഇത് വരെ 140 കോടി ഡോളര്‍ സഹായമാണ് ശ്രീലങ്കയ്ക്ക് നല്‍കിയത്.