സിയോള്‍:ചൈനയ്ക്ക് പിന്നാലെ ദക്ഷിണ കൊറിയയിലും കൊറോണ രോഗ വ്യാപനം. ബുധനാഴ്ച നാലു ലക്ഷം കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. പ്രാദേശിക വ്യാപനം മൂലമുള്ളതാണ് ഇതില്‍ ഭൂരിഭാഗം കേസുകളും. രാജ്യത്ത് ഇതുവരെ 7,629,275 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. ചൈനയിലും ഒരിടവേളക്കുശേഷം കൊറോണ പിടിമുറുക്കുകയാണ്.
ചൈനയിലുടനീളം ഏകദേശം 18 ലക്ഷം ജനങ്ങള്‍ ലോക്ഡൗണിലാണെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നത്. ഇന്ന് ചൈനയില്‍ 3,290 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇതില്‍ 11 പേരുടെ നില അതീവ ഗുരുതരമാണ്. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ ചൈനയില്‍ ഒരു കൊറോണ മരണം പോലും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. വ്യാപനം തടയാനായി ആശുപത്രികളില്‍ ചൈന ചികിത്സ സൗജന്യമാക്കിയിട്ടുണ്ട്.
ചൈനയിലെ പല നഗരങ്ങളും പൂര്‍ണ്ണമായും ലോക്ഡൗണിലാണെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. മറ്റ് പല നഗരങ്ങളിലും ഭാഗിക ലോക്ക്ഡൗണ്‍ തുടരുകയാണ്. കടുത്ത നിയന്ത്രണമുള്ള നഗരങ്ങളില്‍ പൊതുഗതാഗതം പൂര്‍ണമായും തടഞ്ഞിട്ടുണ്ട്. ചൈനയുടെ ‘സീറോ-കൊവിഡ്’ യജ്ഞത്തിന് വലിയ തിരിച്ചടിയാണ് ഇപ്പോള്‍ ഉണ്ടായിരിക്കുന്ന ഒമിക്രോണ്‍ വ്യാപനം.