ചണ്ഡിഗഢ്: പഞ്ചാബ് കോണ്‍ഗ്രസ് പ്രസിഡന്റ് സ്ഥാനം രാജിവെച്ച് നവജ്യോത് സിങ് സിദ്ധു. പി.സി.സി അധ്യക്ഷ സ്ഥാനത്ത് നിന്ന് രാജിവയ്ക്കുന്നുവെന്ന വിവരം അദ്ദേഹം ട്വിറ്ററിലൂടെയാണ് അറിയിച്ചത്. കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിക്ക് അയച്ച കത്തും അദ്ദേഹം ട്വിറ്ററില്‍ പങ്കുവച്ചിട്ടുണ്ട്. പിസിസി അധ്യക്ഷ സ്ഥാനത്ത് നിന്ന് രാജിവയ്ക്കുകയാണെന്ന ഒറ്റ വരി കത്താണ് അദ്ദേഹം സോണിയ ഗാന്ധിക്ക് അയച്ചത്. കോണ്‍ഗ്രസ് പ്രസിഡന്റിന്റെ നിര്‍ദ്ദേശപ്രകാരമാണ് രാജിയെന്ന് അദ്ദേഹം ട്വിറ്ററില്‍ കുറിച്ചിട്ടുണ്ട്.
നിയമസഭാ തെരഞ്ഞെടുപ്പ് തോല്‍വിയെ തുടര്‍ന്ന് പഞ്ചാബ് ഉള്‍പ്പെടെ അഞ്ച് സംസ്ഥാനങ്ങളിലെയും പിസിസി അധ്യക്ഷന്മാരുടെ രാജി സോണിയാഗാന്ധി ആവശ്യപ്പെട്ടിരുന്നു. ഉത്തരാഖണ്ഡിലെ പിസിസി അധ്യക്ഷന്‍ ഗണേഷ് ഗോദിയാലും ഗോവ അധ്യക്ഷന്‍ ഗിരീഷ് ചോദാംഗറും നേരത്തേ ഹൈക്കമാന്‍ഡിന് രാജിക്കത്ത് നല്‍കിയിരുന്നു.
പഞ്ചാബ് മുന്‍ മുഖ്യമന്ത്രി അമരീന്ദര്‍ സിംഗിനും പിന്നീട് ചരണ്‍ജിത്ത് സിങ് ഛന്നിക്കുമെതിരേ നിരന്തരം പരസ്യപ്രസ്താവനകള്‍ നടത്തിയ സിദ്ധുവിനെതിരെ നടപടി എടുക്കണമെന്ന ആവശ്യം ശക്തമായിരുന്നു. അമരീന്ദറിനെ തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് ഒഴിവാക്കിയതില്‍ കോണ്‍ഗ്രസിന് പിഴച്ചതായി ഗുലാംനബി ആസാദും പറഞ്ഞിരുന്നു.