വേനല്‍ മഴ എത്തുന്നു: ഇന്ന് നാലു ജില്ലകളില്‍ മഴ, അടുത്തയാഴ്ചയോടെ ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് മുതല്‍ വേനല്‍ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, എറണാകുളം തുടങ്ങിയ ജില്ലകളില്‍ ഇന്ന് മഴയുണ്ടായേക്കുമെന്നാണ് മുന്നറിയിപ്പ്. ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ വേനല്‍ മഴ ലഭിക്കുന്നതിനൊപ്പം ഇന്ന് വൈകിട്ടോടെ തിരുവനന്തപുരത്തെ മലയോര മേഖലകളില്‍ മഴ ലഭിക്കും.

അടുത്തയാഴ്ച ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം രൂപപ്പെടുന്നതോടെ സംസ്ഥാനത്തൊട്ടാകെ വേനല്‍മഴ ലഭിക്കുമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം. അന്തരീക്ഷ ആര്‍ദ്രത കൂടുതലുള്ള പ്രദേശങ്ങളിലും തെക്കന്‍കേരളത്തിലുമാണ് മഴയ്ക്ക് സാധ്യത.

കണ്ണൂര്‍, വയനാട് വനമേഖലകളിലും മഴ പെയ്‌തേക്കും. മലപ്പുറം, പാലക്കാട് ജില്ലകളിലെ അതിര്‍ത്തിയിലും മഴ പെയ്യാന്‍ സാധ്യതയുണ്ട്. ഇടുക്കി, കോട്ടയം, പത്തനംതിട്ട ജില്ലകളിലും മഴ ലഭിക്കും. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകളിലെ തീരദേശ മേഖലയിലും മഴക്ക് സാധ്യതയുണ്ട്.

മാര്‍ച്ച് 20വരെ ശരാശരി വേനല്‍മഴ ലഭിച്ചേക്കും. ന്യൂനമര്‍ദ്ദത്തിന്റെ സഞ്ചാരപാത വ്യക്തമായിട്ടില്ല. അതേസമയം സംസ്ഥാനത്തെ ആറ് ജില്ലകളില്‍ താപനില 40 ഡിഗ്രി സെല്‍ഷ്യസ് എത്തുമെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ്.