ഹോട്ടല്‍ നമ്പര്‍ 18 പോക്സോ കേസ് പ്രതി സൈജു തങ്കച്ചന്‍ കീഴടങ്ങി

കൊച്ചി: ഹോട്ടല്‍ നമ്പര്‍ 18 പോക്സോ കേസ് പ്രതി സൈജു തങ്കച്ചന്‍ കീഴടങ്ങി. കൊച്ചി മെട്രോ പൊലീസ് സ്റ്റേഷനിലാണ് പ്രതി കീഴടങ്ങിയത്. കേസിലെ രണ്ടാം പ്രതിയാണ് സൈജു തങ്കച്ചന്‍. പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി. കേസിലെ ഒന്നാം പ്രതിയും നമ്പര്‍ 18 ഹോട്ടലുടമയുമായ റോയ് വയലാട്ട് ഇന്നലെ മട്ടാഞ്ചേരി എസിപി ഓഫീസില്‍ കീഴടങ്ങതിന് പിന്നാലെയാണ് സൈജു തങ്കച്ചന്‍ കീഴടങ്ങിയത്. റോയിയെ ഇന്ന് കോടതിയില്‍ ഹാജരാക്കും. വിശദമായ ചോദ്യംചെയ്യലിനായി റോയ് വയലാട്ടിനെ കസ്റ്റഡിയില്‍ വാങ്ങാനാണ് പൊലീസ് നീക്കം.

കേസില്‍ റോയിയുടെയും സൈജു തങ്കച്ചന്റെയും മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതിയും സുപ്രീംകോടതിയും തള്ളിയിരുന്നു. ഇതേ തുടര്‍ന്ന് ഇരുവരും ഒളിവില്‍ കഴിയുകയായിരുന്നു. മൂന്നാം പ്രതിയായ അഞ്ജലി റിമാ ദേവിന് ഹൈകോടതി ജാമ്യം അനുവദിച്ചിരുന്നു. അതേസമയം ബുധനാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് അഞ്ജലി റിമാ ദേവിന് ക്രൈംബ്രാഞ്ച് നോട്ടീസ് അയച്ചിട്ടുണ്ട്.

2021 ഒക്ടോബറില്‍ ഹോട്ടല്‍ മുറിയില്‍ വച്ച് റോയി പീഡിപ്പിച്ചതായാണ് കോഴിക്കോട് സ്വദേശിയായ അമ്മയും മകളും പരാതി നല്‍കിയിരിക്കുന്നത്. ദൃശ്യങ്ങള്‍ പ്രതികള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തി. സംഭവം പുറത്തു പറഞ്ഞാല്‍ ദൃശ്യങ്ങള്‍ പ്രചരിപ്പിക്കുമെന്ന് അഞ്ജലി ഭീഷണിപ്പെടുത്തിയതായി പരാതിയില്‍ പറയുന്നു.