
‘ ട്രെയിനിറങ്ങുന്നതിനിടെ കാൽതെറ്റി പ്ലാറ്റ്ഫോമിനും ട്രാക്കിനുമിടയിലേക്ക് വീണ നാലുവയസ്സുകാരിയെ രക്ഷിച്ച് റെയിൽവെ പൊലീസ്. മധുര – പുനലൂർ പാസഞ്ചറിൽ മധുരയിൽ നിന്നു വർക്കല കാണാനെത്തിയ കുടുംബത്തോടൊപ്പമുണ്ടായിരുന്ന നാല് വയസ്സുകാരി റിയശ്രീ ആണ് അത്ഭുതകരമായി രക്ഷപ്പെട്ടത്. കുട്ടി കാൽ തെറ്റി ട്രാക്കിനിടയിലേക്ക് വീഴുകയായിരുന്നു. റിയശ്രീക്ക് ഗുരുതരമായ പരിക്കുകളൊന്നും ഏറ്റിട്ടില്ല. തമിഴ്നാട് സ്വദേശികളായ സെൽവകുമാറിന്റെയും രേമുഖിയുടെയും മകളാണ് റിയശ്രീ.
സംഭവം അറിഞ്ഞയുടനെ ഓടിയെത്തിയ റെയിൽവേ പൊലീസ് ആണ് കുട്ടിയെ രക്ഷപ്പെടുത്തിയത്. മാതാപിതാക്കളുടെ നിലവിളി കേട്ടാണ് പൊലീസ് ഓടിയെത്തിയത്. പൊലീസുകാർ തന്നെ കുട്ടിയെ ഉടൻ ആശുപത്രിയിലെത്തിച്ചു. കുട്ടിയുടെ മൂക്കിന് ചെറിയ പരിക്കുണ്ട്. പൊലീസ് ഓഫീസർമാർക്കൊപ്പം സ്റ്റേഷൻ മാനേജരും സ്റ്റാഫും രക്ഷാദൗത്യത്തിനെത്തി.